വേതന വര്‍ധന തര്‍ക്കം; ഫെഫ്കയുമായി സഹകരിച്ചുള്ള സിനിമാ ചിത്രീകരണം നിര്‍ത്തി

കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചു. ചലച്ചിത്ര മേഖലയിലെ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തില്‍ അമിത വേതനവര്‍ധനവ് ആവശ്യപ്പെടുന്നുവെന്നാരോപിച്ചാണ് ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുന്നത്.
33 ശതമാനം വേതനവര്‍ധനവ് ഫെഫ്ക ഭാരവാഹികള്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോട് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം വര്‍ധിപ്പിക്കാമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ 33 ശതമാനമാക്കി വര്‍ധിപ്പിക്കാതെ ഇനിയങ്ങോട്ട് ജോലിചെയ്യില്ലെന്നു ഭാരവാഹികള്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് ഫെഫ്കയുമായി സഹകരിച്ചുകൊണ്ടുള്ള സിനിമാ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്.
എന്നാല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലവിലെ സേവന വേതന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറായെത്തുന്നവരെ സഹകരിപ്പിച്ചുകൊണ്ടു സിനിമാ ചിത്രീകരണം നടത്തുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ഹസീബ് പറഞ്ഞു. ചിത്രീകരണം നടന്നുകൊണ്ടിരുന്ന ഏതാനും സിനിമയുടെ നിര്‍മാതാക്കളില്‍ നിന്ന് ഫെഫ്കയുടെ നേതൃത്വത്തില്‍ 33 ശതമാനം വേതനവര്‍ധനവ് ബലമായി ഈടാക്കിയിരുന്നു. ഇത് പ്രതിഷേധാര്‍ഹമാണ്.
അധികമായി വാങ്ങിയ പണം നിര്‍മാതാക്കള്‍ക്കു തിരിച്ചുനല്‍കാതെ ഫെഫ്കയുമായി ഇനി ചര്‍ച്ചയ്ക്കില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം ലംഘിച്ചുകൊണ്ട് അമിത തുക നല്‍കി ഏതെങ്കിലും നിര്‍മാതാക്കള്‍ സിനിമ ചിത്രീകരിച്ചാല്‍ അത്തരം സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഹസീബ് പറഞ്ഞു.
Next Story

RELATED STORIES

Share it