kozhikode local

വേണ്ടത് പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസനം: മന്ത്രി

കോഴിക്കോട്: പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസനം നടപ്പാക്കാന്‍ പൊതുസമൂഹമൊന്നാകെ മുന്നിട്ടിറങ്ങണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാമിഷന്‍ ജൂണ്‍ 5 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കക്കോടിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിക്ക് നേരെ മനുഷ്യന്‍ നടത്തുന്ന അശാസ്ത്രീയമായ ചൂഷണം വലിയോതോതിലുള്ള പ്രത്യാഘാതങ്ങള്‍ക്കാണ് ഇടവരുത്തുന്നത്. ഇതിനെതിരേ പ്രതിരോധം ഉയര്‍ത്തുന്നതിന് കുടുംബശ്രീ പോലുള്ള സാമൂഹിക വികസന സംവിധാനങ്ങള്‍ക്കുള്ള പങ്ക് ഏറെ വലുതാണെന്നും മന്ത്രി പറഞ്ഞു. കക്കോടി ഗ്രാമപ്പഞ്ചായത്ത് ഓഫിസിന് സമീപമുള്ള ബൈപാസില്‍ വൃക്ഷത്തൈ നട്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 2015ലാണ് പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കി 'മണ്ണോളം' എന്ന പേരില്‍ വിപുലമായ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. പൊതുസ്ഥലങ്ങളും മറ്റു കണ്ടെത്തിയുള്ള സാമൂഹിക വനവല്‍ക്കരണത്തിനു പുറമെ വിവിധങ്ങളായ നിരവധി പ്രവര്‍ത്തനങ്ങളാണ് പരിപാടിയുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതികളുടെ ഭാഗമായി നേരത്തെ നട്ട വൃക്ഷത്തൈകള്‍ സംരക്ഷിക്കല്‍, ട്രീ ഗാര്‍ഡുകള്‍ സ്ഥാപിക്കല്‍, പുഴകള്‍, തോടുകള്‍, കുളങ്ങള്‍ തുടങ്ങിയ ജലാശയങ്ങള്‍ സംരക്ഷിക്കലും പുനരുദ്ധാരണവും, പുതിയ ജൈവ വൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കലും സംരക്ഷിക്കലും, മഴവെള്ള സംരക്ഷണം, ഉറവിട മാലിന്യ സംസ്‌കരണം എന്നിവയും ബഹുജനപങ്കാളിത്തത്തോടെ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ ടി പി മുഹമ്മദ് ബഷീര്‍ പദ്ധതി വിശദീകരിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ശോഭീന്ദ്രന്‍ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള കമ്മ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ജില്ലാ പഞ്ചായത്ത് അംഗം താഴത്തയില്‍ ജുമൈലത്ത് വിതരണം ചെയ്തു. പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ തുണിസഞ്ചിയുടെ വിതരണം കക്കോടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാഹിദ നിര്‍വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ കെ ചോയിക്കുട്ടി, ഗ്രാമപ്പഞ്ചായത്ത് അംഗം ഗിരീഷ്‌കുമാര്‍, പഞ്ചായത്ത് സെക്രട്ടറി സി. മുരളീധരന്‍, എംകെഎസ്പി ബ്ലോക്ക് കോ-ഓഡിനേറ്റര്‍ പി കെ സഹറുന്നീസ സംസാരിച്ചു.
Next Story

RELATED STORIES

Share it