kozhikode local

വേണ്ടത്ര സജ്ജീകരണമൊരുക്കാതെ പോലിസ്

കോഴിക്കോട്: ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞൊ എത്തിയപ്പോള്‍ വേണ്ടത്ര സജ്ജീകരണമൊരുക്കുന്നതില്‍ പോലിസ് പരാജയം. കോഴിക്കോട് കടപ്പുറത്ത് ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെയും ആരാധകരെ നിയന്ത്രിക്കാന്‍ കൃത്യമായ സജ്ജീകരണമൊരുക്കാതെയും പോലിസ് വീഴ്ചവരുത്തിയെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.
രാവിലെ 10 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ താരത്തെ പുറത്തെത്തിക്കാന്‍ അരമണിക്കൂറോളം വൈകുകയുണ്ടായി. ആരാധകരുടെ തള്ളിച്ചമൂലം വിഐപി മുറിയിലേക്ക് മാറ്റിയ റൊണാള്‍ഡീഞ്ഞൊയെ ഏറെ പ്രയാസപ്പെട്ടാണ് സംഘാടകര്‍ പുറത്തെത്തിച്ചത്.
സേട് നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാന്‍ വൈകീട്ട് കടപ്പുറത്തെത്തിയപ്പോഴും ആരാധകരുടെയും സംഘാടകരുടെയും തള്ളിക്കയറല്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഉച്ചയ്ക്ക് മൂന്നു മണിയോടെ തന്നെ ബീച്ച് ആരാധകരാല്‍ നിറഞ്ഞിരുന്നു. വേദിയുടെ മുന്‍വശത്ത് പ്ലാറ്റിനം, തൊട്ടുപിറകില്‍ ഗോള്‍ഡ് എന്നിങ്ങനെ സജ്ജീകരിച്ച സദസ്സിലേക്ക് ടിക്കറ്റ് വെച്ച് സന്ദര്‍ശകരെ നിയന്ത്രിച്ചിരുന്നു.
അതിനുപിന്നിലായി നിലനിന്ന പതിനായിരക്കണക്കിന് ആരാധകരെ നിയന്ത്രിക്കാന്‍ കൃത്യമായ സംവിധാനമുണ്ടായിരുന്നില്ല. അതിനാല്‍ റൊണാള്‍ഡീഞ്ഞൊ വേദിയിലെത്തിയപ്പോള്‍ അടുത്തുകാണാനും മൊബൈലില്‍ പകര്‍ത്താനും ബാരിക്കേഡുകള്‍ തകര്‍ത്ത് ആരാധകര്‍ തള്ളിക്കയറി. ആവശ്യത്തിന് വൊളന്റിയേഴ്‌സും പോലിസും ഇല്ലാതിരുന്നതിനാല്‍ ഇവരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഫഌഡ്‌ലൈറ്റ് സ്റ്റാന്‍ഡിലും ബാരിക്കേഡിലും വലിഞ്ഞുകയറിയ കാണികളെ താഴെയിറക്കാനും സംഘാടകര്‍ നന്നെ വിയര്‍ത്തു. ഭാരം താങ്ങാനാവാതെ വേദിയുടെ ഇടതുവശത്തുണ്ടായിരുന്ന കൂറ്റന്‍ ലൈറ്റ് സ്റ്റാന്റ് മറിഞ്ഞുവീണത് കല്ലുകടിയായി.
അതേസമയം, സ്റ്റേജിലെത്തിയ താരത്തിന് ഒപ്പം നില്‍ക്കാനും ക്യാമറയില്‍ പെടാനും സംഘാടകരും തിരക്കുകൂട്ടിയത് സന്ദര്‍ശകരില്‍ അമര്‍ഷമുണ്ടാക്കി. റൊണാള്‍ഡീഞ്ഞൊയെ വ്യക്തമായി കാണാനാവാത്ത വിധം സംഘാടകര്‍ പൊതിഞ്ഞതോടെ മാറിനില്‍ക്കാന്‍ ആരാധകര്‍ ഒച്ചയിടുന്നുണ്ടായിരുന്നു.
മുന്നിലെത്തി മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയവരുടെ ബലപ്രയോഗത്താല്‍ വൃദ്ധരും കുട്ടികളും സ്ത്രീകളും നില്‍ക്കാനാവാതെ പാടുപെട്ടു. 20 വര്‍ഷം മുമ്പുള്ള ഓര്‍മകള്‍ പോലിസിന് മാഞ്ഞു പോയിട്ടുണ്ടാകുമെന്നാണ് തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്ന അവസ്ഥയെ കുറിച്ച് പഴയകാല ആരാധ—കര്‍ അഭിപ്രായപ്പെട്ടത്.
Next Story

RELATED STORIES

Share it