wayanad local

വേങ്ങൂരില്‍ വ്യാപക കൃഷിനാശം; കാട്ടുപന്നി കര്‍ഷകനെ ആക്രമിച്ചു

സുല്‍ത്താന്‍ ബത്തേരി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു. വേങ്ങൂര്‍ വി കെ വിജയനെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 10ഓടെ ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ വച്ചാണ് പന്നിയുടെ ആക്രമണമുണ്ടായത്. വലതുകാലിനും ഇടതുകൈക്കും പരിക്കേറ്റു.
പതിനഞ്ചോളം കാട്ടുപന്നികള്‍ കൂട്ടമായി എത്തിയതു പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി. പ്രദേശത്ത് അടുത്തകാലത്തായി പന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്തിറങ്ങുന്ന കാട്ടുപന്നിക്കൂട്ടം കര്‍ഷകരുടെ 1000 ത്തോളം വാഴകള്‍ നശിപ്പിച്ചു.
വി കെ രാജേന്ദ്രന്‍, വട്ടക്കുടി അബ്ദുല്‍ ഖാദര്‍, ആരംപുളിക്കല്‍ തോമസ്, വേങ്ങൂര്‍ വിജയന്‍ എന്നിവരുടെ നേന്ത്രവാഴകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. നിരന്തരമായി ഉണ്ടാവുന്ന പന്നിശല്യത്തിന് പരിഹാരം കാണാത്ത സാഹചര്യത്തില്‍ കൃഷിയിടത്തില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ കര്‍ഷകര്‍ കൈകാര്യ ചെയ്യുമെന്നു കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. നാണ്യവിളകളുടെ നാശത്തോടെ പ്രദേശത്തെ കര്‍ഷകര്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്നത് വാഴകൃഷിയിലൂടെയാണ്. ഇതുകൂടി പന്നികള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
Next Story

RELATED STORIES

Share it