വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കും: ഇസ്രായേല്‍

തെല്‍അവീവ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഫലഭൂയിഷ്ടമായ വലിയൊരു പ്രദേശം പിടിച്ചെടുക്കാന്‍ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേലിന്റെ സ്ഥിരീകരണം.
മേഖല പിടിച്ചെടുക്കാനുള്ള രാഷ്ട്രീയതീരുമാനം നേരത്തേ കൈക്കൊണ്ടതാണെന്നും പ്രദേശം ഇസ്രായേലിനോട് ചേര്‍ത്തതായി പ്രഖ്യാപിക്കാനുള്ള അവസാനഘട്ടത്തിലാണെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗമായ സിഒജിഎടി റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിക്കയച്ച ഇ-മെയിലില്‍ പറയുന്നു. ജോര്‍ദാന്‍ വാലിയിലെ ജെരിക്കോയ്ക്കടുത്ത് 154 ഹെക്ടറോളം പ്രദേശം പിടിച്ചെടുക്കാനാണ് ഇസ്രായേലിന്റെ പദ്ധതി. ഫലസ്തീന്റെ അധീനതയിലുള്ള ഈ പ്രദേശങ്ങളില്‍ ഇസ്രായേല്‍ കുടിയേറ്റം നടത്തി പ്രദേശം കൃഷിയിടമായി ഉപയോഗിച്ചുവരുകയാണ്. ചാവുകടലിന്റെ വടക്കന്‍ തീരത്തോട് ചേര്‍ന്ന പ്രദേശം പൂര്‍ണമായും ഇസ്രായേലി സൈന്യത്തിന്റെയും സിവിലിയന്‍മാരുടെയും നിയന്ത്രണത്തിലാണ്.
ഇസ്രായേലിന്റെ നീക്കം പാശ്ചാത്യ സഖ്യകക്ഷികളുമായുള്ള ബന്ധം വഷളാക്കാനാണ് സാധ്യത. നിലവില്‍ ഫലസ്തീന്‍ മണ്ണിലെ ഇസ്രായേല്‍ കൈയേറ്റത്തിനെതിരേ അന്താരാഷ്ട്രതലത്തില്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്. 2014നു ശേഷമുള്ള ഇസ്രായേലിന്റെ ഏറ്റവും വലിയ ഭൂമി കൈയേറ്റമായിരിക്കും ഇത്. ഇസ്രായേല്‍ നീക്കത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഫലസ്തീന്‍ നേതാക്കളും അപലപിച്ചു. ഇസ്രായേല്‍ നടപടിക്കെതിരേ യുഎന്നിനെ സമീപിക്കുമെന്ന് ഫലസ്തീന്‍ നേതാക്കള്‍ അറിയിച്ചു. ഇസ്രായേലിന്റെ കുടിയേറ്റനീക്കം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് ബാന്‍ കി മൂണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായേല്‍ ആര്‍മി റേഡിയോ ആണ് വിവരം ആദ്യം പുറത്തുവിട്ടത്. വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരേ ദിവസങ്ങള്‍ക്കു മുമ്പ് പ്രതിഷേധമറിയിച്ച യുഎസ്, ഇസ്രായേലിന്റെ കുടിയേറ്റമേഖല വര്‍ധിപ്പിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും എതിരായിരുന്നെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it