വെസ്റ്റ് എന്‍ഡ് മുതല്‍ വെസ്റ്റ്‌ലാന്റ് വരെ

ശാംലാല്‍

ഓപറേഷന്‍ വെസ്റ്റ് എന്‍ഡ് ഓര്‍മയുണ്ടോ? അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിക്കേസില്‍ ഇറ്റാലിയന്‍ കോടതി ശിക്ഷവിധിക്കുകയും തുടര്‍ന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ വാക്‌പോര് നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ വെസ്റ്റ് എന്‍ഡിന്റെ കൂട്ടിവായന സന്ദര്‍ഭോചിതമാണ്. ഇല്ലാത്ത ആയുധക്കമ്പനിയെ മുന്‍നിര്‍ത്തി 2011ല്‍ എന്‍ഡിഎ ഭരണകാലത്ത് ടെഹല്‍ക മാഗസിന്‍ നടത്തിയ സ്റ്റിങ് ഓപറേഷനായിരുന്നു വെസ്റ്റ് എന്‍ഡ്. ഈ സാങ്കല്‍പിക ഇടപാടിലും ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചാവിഷയമായിട്ടുള്ള ഇറ്റാലിയന്‍ ആയുധക്കമ്പനിയുടെ യഥാര്‍ഥ ഇടപാടിലും 'വെസ്റ്റ്' അഥവാ പടിഞ്ഞാറന്‍ നാടുകളുമായുള്ള ആയുധവ്യാപാരം മാത്രമല്ല ടെഹല്‍ക ഓപറേഷനെ വീണ്ടും പ്രസക്തമാക്കുന്നത്. ജനാധിപത്യ ഇന്ത്യയിലെ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച് ആദരിക്കുന്ന നമ്മുടെ സൈന്യത്തെ സാമ്പത്തികലാഭങ്ങള്‍ക്കുവേണ്ടി പട്ടാളമേധാവികളും രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ദുരുപയോഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് വെസ്റ്റ് എന്‍ഡ് മുതല്‍ വെസ്റ്റ്‌ലാന്റ് വരെ നിരത്തിയിട്ടുള്ളത്.
വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് വെസ്റ്റ് എന്‍ഡ് എന്ന ഒരു സാങ്കല്‍പിക യൂറോപ്യന്‍ ആയുധക്കമ്പനിയുടെ പേരില്‍ ടെഹല്‍ക ടീം ആദ്യം സമീപിക്കുന്നത് ഡിഫന്‍സ് വകുപ്പിലെ സീനിയര്‍ സെക്ഷന്‍ ഓഫിസറെയാണ്. ചെറിയ തുകയ്ക്കു വരുതിയിലായ ഇയാള്‍ വഴി ഡിഫന്‍സ് വകുപ്പിലെ ഉദ്യോഗശ്രേണിയിലൂടെ സഞ്ചരിച്ച് ആര്‍എസ്എസ് നേതാവ് ആര്‍ കെ ഗുപ്തയുടെ മകനിലേക്കും അന്നത്തെ ബിജെപി പ്രസിഡന്റ് ബംഗാരു ലക്ഷ്മണിലേക്കും വരെ അന്വേഷണസംഘമെത്തി. ഏഴരമാസം നീണ്ട ഈ സ്റ്റിങ് ഓപറേഷനിലൂടെ വിലക്കെടുക്കാനായത് 34 ഉന്നതന്‍മാരെയാണ്.
വെറും ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് അന്ന് ബിജെപി പ്രസിഡന്റ് ഇടപാട് ഉറപ്പിച്ചത്. എല്ലാം വീഡിയോയില്‍ പകര്‍ത്തിയിരുന്നു ടെഹല്‍ക. തെളിവുകള്‍ പുറത്തുവിട്ടതോടെ ആര്‍ക്കും പിടിച്ചുനില്‍ക്കാനാവാതെ വന്നു. കേസ് ഏറ്റെടുത്ത് അന്വേഷിച്ച സിബിഐ കോടതി ബംഗാരു ലക്ഷ്മണയെ കഠിന തടവിനു ശിക്ഷിച്ചതോടെ ആ അധ്യായത്തിനു വിരാമമായെങ്കിലും ടെഹല്‍കയ്‌ക്കെതിരേ അന്നു വാജ്‌പേയി സര്‍ക്കാര്‍ തുടങ്ങിയ പ്രതികാരവേട്ട ഇന്ന് നരേന്ദ്രമോദിയുടെ സര്‍ക്കാരും തുടരുക തന്നെയാണ്.
വെറും കഥയല്ല, 3,600 കോടി രൂപ എന്ന യാഥാര്‍ഥ്യമാണ് അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതിയെ കൂടുതല്‍ ദേശീയ പ്രാധാന്യമുള്ളതാക്കുന്നത്. വെസ്റ്റ്‌ലാന്റിനും അനുബന്ധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയ്ക്കുമെതിരേ 2011ല്‍ ഇറ്റലിയിലെ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതോടെയാണ് മഞ്ഞുകട്ടയുടെ ഉപരിതലമെങ്കിലും വെള്ളത്തിനു മുകളില്‍ ദൃശ്യമായത്. കമ്പനിയുടെ സിഇഒ അവിടെ അറസ്റ്റിലായശേഷം 2013ല്‍ മാത്രമാണ് ഇവിടെ യുപിഎ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു സന്നദ്ധമായത്. 12 വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ റദ്ദുചെയ്തശേഷം മൂന്ന് ഹെലികോപ്റ്ററുകള്‍ കൈപ്പറ്റിയതായും ആരോപണമുയര്‍ന്നു. പിന്നീട് വിവേകാനന്ദ ഫൗണ്ടേഷന്‍ എന്ന സംഘി തിങ്ക് ടാങ്കിലൂടെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും സഹയാത്രികനായി പ്രത്യക്ഷപ്പെട്ട എസ് പി ത്യാഗിയായിരുന്നു അന്നത്തെ വ്യോമസേനാ മേധാവി. പ്രതിരോധമന്ത്രിയാവട്ടെ അഴിമതിയുടെ കറപുരളാന്‍ അനുവദിക്കാതെ ക്ലീന്‍ ഇമേജ് സൂക്ഷിക്കുന്ന എ കെ ആന്റണിയും. അഴിമതിക്കു നേരെ കണ്ണടയ്ക്കുന്നതും അഴിമതിയാണെന്നെങ്കിലും അദ്ദേഹം ഓര്‍മിക്കേണ്ടതായിരുന്നു. സ്വാഭാവികമായും അഴിമതി ഇടപാടിനു പിന്നിലെ അദൃശ്യ കരങ്ങള്‍ ഇറ്റലിയില്‍ ബന്ധങ്ങളുള്ള യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയഗാന്ധിയിലേക്കും അവരുടെ വിശ്വസ്തരിലേക്കും നീണ്ടു. 2005 മാര്‍ച്ച് ഏഴിന് നടന്ന ഉന്നതതലയോഗത്തില്‍ കോപ്റ്ററിന്റെ സാങ്കേതിക മാനദണ്ഡങ്ങള്‍ മറ്റു മല്‍സരാര്‍ഥികളെ പുറന്തള്ളാന്‍വേണ്ടി അഗസ്ത വെസ്റ്റ്‌ലാന്റിന് അനുകൂലമായി മാറ്റിനിശ്ചയിച്ചുവെന്നാണ് കേസ്. ഇപ്പോള്‍ ഇറ്റാലിയന്‍ കോടതി ഫിന്‍മെക്കാനിക്കയുടെ മുന്‍ മേധാവി ഗിയുസെപെ ഓര്‍സി, മുന്‍ സിഇഒ സ്വഗ്‌നോലിനി എന്നിവരെ ശിക്ഷിച്ചതോടൊപ്പം മുന്‍ ഇന്ത്യന്‍ വ്യോമസേനാമേധാവി ത്യാഗിയുടെ പങ്ക് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒപ്പം വിധിന്യായത്തില്‍ ഗാന്ധി കുടുംബത്തിലെ പ്രമുഖ വ്യക്തിയുടെയും സോണിയയുടെ വിശ്വസ്തനായ അഹ്മദ് പട്ടേലിന്റെയും പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് മോദി സര്‍ക്കാരും ബിജെപിയും കൃത്യതയില്ലാതെ ആരോപിക്കുന്നത്. ഇന്ത്യയിലെ അന്വേഷണം വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്തം മുന്‍ പ്രതിരോധമന്ത്രി ആന്റണിക്കാണെന്നതിന് തെളിവുകളുണ്ടെന്നാണ് ഇപ്പോഴത്തെ പ്രതിരോധമന്ത്രി പരീക്കര്‍ വെല്ലുവിളിക്കുന്നത്.
മോദി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഇടപാട് കേസ് പൊടിതട്ടിയെടുത്ത് പ്രചാരണവിഷയമാക്കുന്നതിന്റെ പിന്നില്‍ അഴിമതി നിര്‍മാര്‍ജനം ചെയ്യാനുള്ള ദൃഢനിശ്ചയമാണുള്ളതെന്ന് ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. കൊല്ലം കടലോരത്ത് മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ വിട്ടയക്കുന്നതിനു പകരമായി ഗാന്ധി കുടുംബത്തെ ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മോദി സര്‍ക്കാരിന്റെ ദൂതന്‍ ഉന്നയിച്ചതായുള്ള രേഖ കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുകയാണ്. ഇടപാടിനു പിന്നിലെ അദൃശ്യ കരങ്ങളെ പുറത്തുകൊണ്ടുവരുമെന്ന് വീമ്പിളക്കുന്ന പ്രതിരോധമന്ത്രി പരീക്കര്‍ കഴിഞ്ഞ 18 മാസം എന്തുകൊണ്ടാണ് യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു.
ഇറ്റാലിയന്‍ കമ്പനിയുമായുള്ള ഇടപാടില്‍ അഴിമതി നടന്നെന്ന കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും യോജിക്കുന്നുവെന്ന കാര്യത്തിലെങ്കിലും ജനത്തിന് ആശ്വസിക്കാം. പ്രശ്‌നത്തെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ഗാന്ധി കുടുംബത്തെ കുടുക്കാന്‍ ദുരുപയോഗം ചെയ്യുകയാണെന്നും പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍, ഇപ്പോള്‍ നടക്കുന്ന സിബിഐ അന്വേഷണം സുപ്രിംകോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതില്‍ കലാശിക്കുന്ന ഇരുവിഭാഗത്തിന്റെയും എതിര്‍വാദങ്ങള്‍ക്കിടയിലും രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതായി അവശേഷിക്കുന്നുണ്ട്. ഒന്ന്, വാങ്ങാനുദ്ദേശിച്ച ഹെലികോപ്റ്ററുകളുടെ ഗുണനിലവാരം സംബന്ധിച്ച നിബന്ധനകള്‍ അഗസ്ത വെസ്റ്റ്‌ലാന്റിനു വേണ്ടി ഭേദഗതി ചെയ്തത് ആരാണ്, ആരുടെ താല്‍പര്യപ്രകാരമാണ്? രണ്ട്, അഴിമതി ആരോപണവും തെളിവുകളും പുറത്തുവന്നതിനുശേഷവും ഇന്ത്യന്‍ അന്വേഷണങ്ങള്‍, യുപിഎ-എന്‍ഡിഎ സര്‍ക്കാരുകള്‍ക്കു കീഴില്‍ വൈകിയത് എന്തുകൊണ്ടാണ്?
ഈ രണ്ട് ചോദ്യങ്ങളുടെയും ലളിതമായ ഉത്തരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ റാലിയില്‍ നല്‍കുകയുണ്ടായി. സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഭയപ്പെടുത്തുന്നതല്ലാതെ, സോണിയയെ അറസ്റ്റ് ചെയ്യാന്‍ മോദിക്കു ധൈര്യമുണ്ടോയെന്ന കെജ്‌രിവാളിന്റെ ചോദ്യത്തിലും ഈ അഴിമതിയില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒന്നിച്ച് പങ്കുകാരാണെന്ന അദ്ദേഹത്തിന്റെ തന്നെ മറുപടിയിലും വിഷയത്തിന്റെ മര്‍മം അടങ്ങിയിരിക്കുന്നു.
സുരക്ഷാരഹസ്യങ്ങള്‍ ചോര്‍ന്നുപോവുമെന്ന ഭീതിപരത്തിയാണ് സൈനികവിഭാഗങ്ങളുടെയും ഇന്റലിജന്‍സ് ഏജന്‍സികളുടെയും ഇടപാടുകള്‍ സര്‍ക്കാര്‍ രഹസ്യമാക്കിവയ്ക്കുന്നത്. പാര്‍ലമെന്റിന്റെയും കോടതികളുടെപോലും വിശദമായ പരിശോധനയില്‍നിന്നുള്ള സ്വാതന്ത്ര്യത്തെയാണ് ഏറ്റവും വ്യാപകവും വിദഗ്ധവുമായ രീതിയില്‍ അഴിമതി നടത്താന്‍ തല്‍പരകക്ഷികള്‍ മറയാക്കുന്നത്. ആരെങ്കിലും വല്ല വിമര്‍ശനവുമുന്നയിച്ചാല്‍ ചാനല്‍ ആങ്കര്‍മാരെ അതിര്‍ത്തിയില്‍ മരിച്ചുവീണ ഒരു സാധാരണ ജവാന്റെ കഥ ഓര്‍മിപ്പിച്ചു കണ്ണീര്‍വാര്‍ക്കും.
വെസ്റ്റ് എന്‍ഡിലും വെസ്റ്റ്‌ലാന്റിലും ഒതുങ്ങുന്നതല്ല ഡിഫന്‍സ് രംഗത്തെ അഴിമതികള്‍. സ്വാതന്ത്ര്യാനന്തരം ഒന്നാമത്തെ നെഹ്‌റു മന്ത്രിസഭയില്‍ തന്നെ തുടങ്ങി മിലിട്ടറി വ്യാപാരത്തിലെ അഴിമതി. അന്നത്തെ പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോനിലേക്കു വരെ നീണ്ടു 200 സൈനികജീപ്പുകളുടെ ഇറക്കുമതിയെ ചൊല്ലിയുള്ള ആരോപണം. 1987ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രാഷ്ട്രീയഭാവി തന്നെ തകര്‍ക്കുന്നതായിരുന്നു ബൊഫോഴ്‌സ് തോക്ക് ഇടപാടിലെ അഴിമതി. 'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്ന നയം ഇനിയും ആയുധമേഖലയ്ക്കു ബാധകമല്ലാതെ തുടരും. വിദേശ ആയുധക്കമ്പനികളിലേക്കും ഇടനിലക്കാരിലേക്കും ഇന്ത്യയുടെ സമ്പത്ത് ഒഴുകിക്കൊണ്ടിരിക്കും. വാഗ്വാദങ്ങള്‍ ക്രമേണ കെട്ടടങ്ങി, ആയുധ അഴിമതികള്‍ വെറും കഥയായി മാറും. കൂരിരുട്ടില്‍ വെളുത്ത പാല്‍ ചുരത്തുന്ന കൊഴുത്ത കറവപ്പശുവായി സൈനികവകുപ്പിനെ മാറിവരുന്ന ഭരണകൂടങ്ങള്‍ പരിപാലിച്ചുകൊണ്ടുമിരിക്കും.
Next Story

RELATED STORIES

Share it