kozhikode local

വെസ്റ്റ്ഹില്‍ അപകടം: അധികൃതരുടെ പരിശോധനാ നാടകം തുടങ്ങി

കോഴിക്കോട്: ചര്‍ച്ചാ വിഷയമാവുന്ന അപകടം ഉണ്ടാവുമ്പോള്‍ മാത്രം സജീവമാവുന്ന വാഹന പരിശോധന കോഴിക്കോട്ടും തുടങ്ങി. അമിതവേഗത്തില്‍ എത്തിയ ബസ് നടുറോഡില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നത് ചോദ്യംചെയ്ത യുവാവ് അതേ ബസ് ഇടിച്ച് മരിച്ച സംഭവം വിവാദമായതിനതുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പും പോലിസും വീണ്ടും സ്വകാര്യ ബസ് പരിശോധനയ്ക്ക് ഇറങ്ങിയത്.നഗരത്തില്‍ സര്‍വീസ് നടത്തുന്ന മിക്ക ദീര്‍ഘദൂര ബസ്സുകളിലും വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടില്ല.
ഇതിനെല്ലാം പുറമെയാണ് ബസ്സുകള്‍ നടുറോഡില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നത്. പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ ഇടമില്ലാത്ത രീതിയിലാണ് മിക്ക ബസ്സുകളും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇതിനെ ചോദ്യംചെയ്യുന്ന മറ്റു റോഡ് ഉപയോക്താക്കളെ അസഭ്യംകൊണ്ടും കൈയ്യേറ്റങ്ങള്‍കൊണ്ടും നേരിടുകയാണ് ബസ് ജീവനക്കാര്‍ ചെയ്യുന്നത്. നടുറോഡില്‍ ബസ് നിര്‍ത്തിയതിനെ ചോദ്യം ചെയ്ത യുവാവ് വെസ്റ്റ്ഹില്ലില്‍ ബസ് കയറി മരിച്ചതും ഇങ്ങിനെയാണ്. ഇത്തരം സംഭവങ്ങളെക്കുറിച്ച് പോലിസിലും ഗതാഗത വകുപ്പിനും പരാതി നല്‍കിയാലും അവസ്ഥ മറിച്ചല്ല.
പരാതിക്കാരനെ അപരാധിയാക്കുന്ന തരത്തിലാണ് മിക്കപ്പോഴും ഉദ്യോഗസ്ഥരുടെ പ്രതികരണം. യുവാവ് ബസ് ഇടിച്ചു മരിച്ച സംഭവത്തിലും പോലിസ് ബസ് ജീവനക്കാര്‍ക്കും ഉടമയ്ക്കും അനുകൂലമായ തരത്തില്‍ നിസ്സാര കുറ്റമാണ് ചുമത്തിയിരുന്നത്. ഇതിനെതുടര്‍ന്ന് ജനങ്ങള്‍ ശക്തമായി പ്രതികരിച്ചപ്പോള്‍ മാത്രമാണ് ബസ് ഡ്രൈവര്‍മാര്‍ക്കെതിരേ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന്‍ പോലിസ് തയ്യാറായത്. ഓരോ ദുരന്തമുണ്ടാവുമ്പോഴും പൗരസമൂഹത്തെ ബോധ്യപ്പെടുത്താന്‍ നടത്തുന്ന നാടകത്തിനപ്പുറം അധികൃതരുടെ പരിശോധനയില്‍ ഒരു പ്രതീക്ഷയും ജനങ്ങള്‍ക്കില്ല.
Next Story

RELATED STORIES

Share it