വെള്ളാപ്പള്ളി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ശംഖുമുഖത്ത് നടന്ന സമത്വ മുന്നേറ്റയാത്ര സമാപനസമ്മേളനത്തിലാണ് ഭാരത് ധര്‍മ ജനസേന (ബിഡിജെഎസ്) എന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചത്. തവിട്ടും വെളുപ്പും ചേര്‍ന്ന പാര്‍ട്ടി പതാകയും പാര്‍ട്ടി ചിഹ്നവും പരിപാടിയില്‍ അവതരിപ്പിച്ചു. കൂപ്പുകൈയാണ് ചിഹ്നം.
മതേതര സ്വഭാവത്തില്‍ എല്ലാ വിഭാഗങ്ങളേയും ഒരുമിപ്പിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ എല്ലാവര്‍ക്കും നീതിയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി നടേഷന്‍ പറഞ്ഞു. ക്രിസ്ത്യാനികളിലും മുസ്‌ലിംകളിലും ഹിന്ദുക്കളിലുമുള്ള എല്ലാ പാവപ്പെട്ടവര്‍ക്കും നീതി കിട്ടണം. കേരളത്തില്‍ ഇരുപക്ഷവും തമ്മില്‍ അഡ്ജസ്റ്റ്‌മെന്റ് ഭരണമാണ് നടക്കുന്നത്. ഓരോ അഞ്ച് വര്‍ഷം വീതവും എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് ഖജനാവ് കൊള്ളയടിക്കുകയാണ്. പെണ്‍വാണിഭവും അഴിമതിയും മാത്രമാണ് നിയമസഭകളിലെ ചര്‍ച്ചയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തനിക്കെതിരേ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുകയാണ്. പ്രതിപക്ഷനേതാവിന്റെ വില മാത്രമാണ് വിഎസിനുള്ളത്. പദവിയില്ലെങ്കില്‍ വിഎസ് വെറും അച്ചാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
പ്രതിപക്ഷനേതൃ സ്ഥാനം വിഎസ് അച്യുതാനന്ദന്‍ ദുരുപയോഗം ചെയ്യുകയാണ്. പിണറായിയെ പോലും കൂടെനിന്നിട്ട് കാലുവാരുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്. അഴിമതിമുക്തനാട് സ്വപ്‌നം കാണുന്ന വിഎസ് ആദ്യം സ്വന്തം വീട് അഴിമതി മുക്തമാക്കട്ടെ. അടിസ്ഥാനവര്‍ഗത്തിന്റെ കണ്ണീരൊപ്പാന്‍ ശ്രമിച്ചപ്പോഴാണ് ഇടതിനും വലതിനും തന്നെ വേണ്ടാതായത്. വി എം സുധീരനും വിഎസും കുലംകുത്തികളാണ്. അവര്‍ നല്‍കിയ കേസുകളാണ് ഈ ജാഥയെ വിജയിപ്പിച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനം വിവരമുള്ളവര്‍ക്കുള്ളതാണ്. കണ്ട ആപ്പ ഊപ്പകള്‍ക്കുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മാന്‍ഹോളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന് നല്‍കിയ സഹായത്തിന്റെ വിഷയത്തില്‍ താന്‍ പറയാത്തത് പറഞ്ഞുവെന്ന് പ്രചരിപ്പിച്ചു. കേരളത്തില്‍ ഇത്തരത്തില്‍ മരിച്ചവര്‍ എത്ര, ഓരോരുത്തര്‍ക്കും നല്‍കിയ നഷ്ടപരിഹാരമെത്ര എന്നതിന്റെ കണക്ക് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ. ന്യൂനപക്ഷത്തിന് ഒരു നീതി, ഭൂരിപക്ഷത്തിന് ഒരു നീതി എന്നത് പാടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പുതിയ പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലേറുമെന്ന് യോഗത്തില്‍ സംസാരിച്ച എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി കൂട്ടായ്മ ഉണ്ടാക്കിയത് മാധ്യമങ്ങളിലൂടെയല്ലെന്നും ഇത്രയധികം പൊട്ടന്മാരായ മാധ്യമപ്രവര്‍ത്തകരുള്ള ഒരിടം കേരളമല്ലാതെ മറ്റൊന്നില്ലെന്നും തുഷാര്‍ ആരോപിച്ചു. തങ്ങളാരും പൊട്ടന്മാരല്ല. കോഴിക്കോട് ഓടയില്‍ രക്ഷാപ്രവര്‍ത്തനത്തിടെ മരിച്ച നൗഷാദിനെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായം നല്‍കിയതിനും എതിരല്ല. അതേസമയം, അതിനുതൊട്ടടുത്ത ദിവസം കോഴിക്കോടുതന്നെ 2 പേരും അവരെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു യുവാവും പുഴയില്‍ മുങ്ങിമരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഹിന്ദുക്കളടക്കമുള്ള ഭൂരിപക്ഷ സമുദായത്തോട് ബിജെപിയും സിപിഎമ്മും യുഡിഎഫും കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇങ്ങനൊരു പാര്‍ട്ടി രൂപീകരിച്ചതെന്നും തുഷാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it