വെള്ളാപ്പള്ളി കരാറിനു കീഴില്‍ ജനം നില്‍ക്കില്ല: പിണറായി

മുണ്ടക്കയം/വണ്ടിപ്പെരിയാര്‍: ശ്രീനാരായണീയ ദര്‍ശനവും ആര്‍എസ്എസ്സിന്റെ ദര്‍ശനവും പൊരുത്തപ്പെടാത്തതുകൊണ്ടാണ് വെള്ളാപ്പള്ളിയുടെ കരാറിന് കീഴില്‍ ജനങ്ങള്‍ നില്‍ക്കാത്തതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള മാര്‍ച്ചിന് മുണ്ടക്കയത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മകന്റെ ഡല്‍ഹി കസേരയെന്ന വാഗ്ദാനത്തിന്റെ മറവില്‍ കേരളത്തില്‍ എസ്എന്‍ഡിപിയെ കൂട്ടുപിടിച്ച് വര്‍ഗീയ വിഷം ചീറ്റാനുള്ള ശ്രമം വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു.
കേരളത്തില്‍ ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നു. ഇതു സ്വന്തമായി സാധിക്കാതെവന്നതുകൊണ്ടാണ് വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചത്. റബര്‍ കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാരിന് പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉള്ളത്. കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് പ്രത്യേക നയമില്ല. കര്‍ഷകര്‍ക്ക് ഉല്‍പന്നം വിറ്റാല്‍ കിട്ടുന്നത് വന്‍ നഷ്ടമാണ്. കര്‍ഷകന്റെ ഈ ഗതികേടിന് കാരണം സര്‍ക്കാരിന്റെ രാജ്യാന്തര കരാറുകളാണ്. ഇത്തരത്തിലുള്ള കരാറുകള്‍മൂലം കര്‍ഷകന് നഷ്ടവും വാണിജ്യരംഗത്തുള്ളവര്‍ക്ക് ലാഭവുമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇതുമൂലം കര്‍ഷകന്റെ നഷ്ടം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് കര്‍ഷകരോടുള്ള നീതികേടാണ്. വില്ലേജ് അടിസ്ഥാനത്തില്‍ സൊസൈറ്റികള്‍ സ്ഥാപിച്ച് റബര്‍ പാല്‍ സംഭരിച്ച് സംസ്ഥാനാടിസ്ഥാനത്തില്‍ വിപണം നടത്തുന്ന സാമ്പ്രദായിക അമൂല്‍ മാതൃക റബര്‍ മേഖലയില്‍ സ്വീകരിക്കണമെന്നും പിണറായി പറഞ്ഞു.
ജാഥാ ക്യാപ്റ്റന്മാരായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ ജെ തോമസ്, എംപിമാരായ എ സമ്പത്ത്, പി കെ ബിജു, കെ ടി ജലീല്‍ എംഎല്‍എ, പി കെ സൈനബ, എം ബി രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം എം മണി, സ്വാതന്ത്യ സമരസേനാനി രവീന്ദ്രന്‍ വൈദ്യര്‍, പി ഷാനവാസ്, വി പി ഇബ്രാഹിം, കെ രാജേഷ്, ടി പ്രസാദ്, സി വി അനില്‍കുമാര്‍ സംസാരിച്ചു.
അതേസമയം മാഫിയ സര്‍ക്കാരിനെ സംരക്ഷിക്കുന്ന ഗവര്‍ണറുടെ ഗതികേടില്‍ സഹതപിക്കുന്നതായിപിണറായി വിജയന്‍ പീരുമേട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു .ഇതുപോലൊരു ഗതികേടു കേരളത്തില്‍ ഒരു ഗവര്‍ണര്‍ക്കും ഉണ്ടായിട്ടില്ല.ഭരണഘടന ബാധ്യത നിറവേറ്റാന്‍ ചുമതലയുള്ള ആളാണ് ഗവര്‍ണര്‍.എന്നാല്‍ കള്ളങ്ങളുടെ പട്ടികയാണ് നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ നടത്തിയത്.
കേരളമാകെ ശാപം ചൊരിഞ്ഞ ഇരുണ്ട അഞ്ച് വര്‍ഷമാണ് കഴിഞ്ഞത്.ഈ ഭരണ കാലം സുവര്‍ണ്ണ കാലഘട്ടമായി ചിത്രീകരിക്കുക വഴി ഗവര്‍ണര്‍ മനസ്സാക്ഷിയോട് തന്നെ എതിരു പ്രവര്‍ത്തിച്ചതായും അദേഹം കുറ്റപ്പെടുത്തി.വിഴിഞ്ഞം പദ്ധതി,കൊച്ചി മെട്രോ,കണ്ണൂര്‍ വിമാന താവളം,എന്നിവയെല്ലാം കഴിഞ്ഞ ഇടത് ഗവണ്‍മെന്റിന്റെ നേട്ടങ്ങളാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it