വെള്ളാപ്പള്ളി ആര്‍എസ്എസ്- ബിജെപി ബന്ധത്തിനുള്ള പാലം: വിഎസ്

ചേര്‍ത്തല: ആര്‍എസ്എസും ബിജെപിയുമായി ഉമ്മന്‍ചാണ്ടിക്ക് ബന്ധം സ്ഥാപിക്കാനുള്ള പാലമാണ് വെള്ളാപ്പള്ളി നടേശനെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാന്ദന്‍ പറഞ്ഞു. ചേര്‍ത്തല മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി തിലോത്തമന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം പതിനൊന്നാം മൈല്‍ ജങ്ഷന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിന് പാരിതോഷികമായാണ് ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 10 ഏക്കര്‍ സ്ഥലം പതിച്ചു നല്‍കിയത്. മൈക്രോഫിനാന്‍സ് തട്ടിപ്പിലൂടെ സമുദായത്തിലെ പാവപ്പെട്ട സ്ത്രീകളെയാണ് വെള്ളാപ്പള്ളി കബളിപ്പിച്ചത്. ഇതിനെതിരേയുള്ള എല്‍ഡിഎഫിന്റെ പോരാട്ടത്തിന് എല്ലാവരുടെയും പിന്തുണ വേണം. ആര്‍എസ്എസും സംഘപരിപാരവും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റ്കാരെയും ശത്രുക്കളായി കണ്ട് രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ഈ നയം തന്നെയാണ് സ്വീകരിക്കുന്നത്. മാത്രമല്ല പിന്നാക്ക ജനവിഭാഗങ്ങളെയും ദലിത് ആദിവാസി ജനവിഭാഗങ്ങളെയും മനുഷ്യരായി ജിവിക്കാന്‍ പോലും ഇക്കൂട്ടര്‍ അനുവദിക്കുന്നില്ല. പിന്നാക്കക്കാര്‍ക്കും ദലിതര്‍ക്കും സംവരണം ആവശ്യമില്ല എന്ന നിലപാട് ആണ് സംഘപരിവാരത്തിനും മോദിക്കും ഉള്ളത്.
ഉമ്മന്‍ചാണ്ടിയും കൂട്ടരും അഴിമതി തൊഴിലാക്കിയിരിക്കുകയാണെന്നും ഇതെല്ലാം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് കൊടുത്തത്തതായും വിഎസ് പറഞ്ഞു. എന്റെ പ്രസംഗം തടയണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞു- വിഎസ് വ്യക്തമാക്കി. അഡ്വ. കെ പ്രസാദ് അധ്യക്ഷത വഹിച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.
എല്‍ഡിഎഫ് നേതാക്കളായ ടി പുരുഷോത്തമന്‍, ടി ജെ ആഞ്ചലോസ്, സജി ചെറിയാന്‍, ആര്‍ നാസര്‍, അഡ്വ. എ എം ആരിഫ്, വി ടി രഘുനാഥന്‍നായര്‍, എം ഇ രാമചന്ദ്രന്‍നായര്‍, ടി ജി സുരേഷ്, പി എസ് ഗോപിനാഥപ്പിള്ള, വയലാര്‍ സുരേന്ദ്രന്‍, ജോസഫ് കെ നല്ലുവേലി, ടെന്‍സണ്‍ പുളിക്കല്‍, എം ബി രാധാകൃഷ്ണന്‍, എന്‍ എസ് ശിവപ്രസാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it