വെള്ളാപ്പള്ളിയുടെ യാത്ര ശംഖുമുഖത്തെത്തുമ്പോള്‍ ജലസമാധിയാവുമെന്ന് വിഎസ്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റയാത്രയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. വെള്ളാപ്പള്ളിയുടെ യാത്ര കാസര്‍കോടു നിന്ന് തിരുവനന്തപുരം ശംഖുമുഖത്തെത്തുമ്പോള്‍ ജലസമാധിയാവുമെന്നും അപ്പോള്‍ അനുയായികള്‍ എല്ലാം ശുഭമെന്ന് പറയുമെന്നായിരുന്നു വിഎസ്സിന്റെ പരിഹാസം.
എസ്എന്‍ഡിപി മുന്‍ പ്രസിഡ ന്റിന്റെ നേതൃത്വത്തില്‍ എസ് എന്‍ ട്രസ്റ്റ് അംഗങ്ങളും വെള്ളാപ്പള്ളി വിരുദ്ധരായ എസ്എന്‍ഡിപി അംഗങ്ങളും സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച അഴിമതി വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്. സമത്വമുന്നേറ്റയാത്ര കാസര്‍കോടു നിന്ന് ആരംഭിച്ചപ്പോള്‍ വെള്ളമുണ്ടും ആര്‍എസ്എസ്സുകാരുടെ കാവി ഷാളുമാണ് വെള്ളാപ്പള്ളി കഴുത്തില്‍ ധരിച്ചിരുന്നത്. യാത്ര ആറ്റിങ്ങലിലെത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം കാക്കിനിക്കറും വെള്ള ഉടുപ്പുമാവും.
യാത്രയുടെ ഭാഗമായി പ്രചരിപ്പിക്കുന്ന 14 ഇന പ്രകടനപത്രികയിലെ ആറാമത്തെ അടിയന്തര ആവശ്യം അനധികൃത സ്വത്ത് പിടിച്ചെടുക്കണമെന്നതാണ്. അങ്ങനെയെങ്കില്‍ ഇത്തരത്തി ല്‍ 11,015 കോടിയുടെ അനധികൃത പണമാണ് വെള്ളാപ്പള്ളിയുടെ പക്കലുള്ളത്. യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ ഈ പണം മുഖ്യമന്ത്രിക്ക് കൈമാറി പ്രകടനപത്രികയിലെ മുദ്രാവാക്യം സാക്ഷാല്‍ക്കരിക്കുകയാണ് ചെയ്യേണ്ടത്. വെള്ളാപ്പള്ളി നടത്തുന്ന ഇത്തരം പ്രചാരവേലകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ചെലവാകില്ലെന്നും വി എസ് ഓര്‍മിപ്പിച്ചു.
വെള്ളാപ്പള്ളി നടേശന്‍ കാസര്‍കോട് സമത്വമുന്നേറ്റയാത്ര തുടങ്ങിയ ദിവസം തന്നെയാണ് സെക്രട്ടേറിയറ്റിനുമുന്നില്‍ അഴിമതിവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചത്. എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് സി കെ വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കിളിമാനൂര്‍ ചന്ദ്രബാബു, അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശ്, ഷാജി വെട്ടൂരാന്‍, കൃഷ്ണകുമാര്‍, വിജേന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it