വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സി: മുഖ്യമന്ത്രി

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രൂപംകൊടുത്ത ഭാരത് ധര്‍മ ജനസേന (ബിഡിജെഎസ്) ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിജെപിക്ക് ചെയ്യാന്‍ സാധിക്കാതിരുന്ന കാര്യങ്ങള്‍ വെള്ളാപ്പള്ളിയിലൂടെ ചെയ്യാനാണ് ശ്രമമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി വെള്ളാപ്പള്ളി മാറിയതായാണ് പാര്‍ട്ടി പ്രഖ്യാപനം കേട്ടപ്പോള്‍ തോന്നിയത്. കേരളത്തില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ബിജെപിക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ വെള്ളാപ്പള്ളിയിലൂടെ ചെയ്യാനാണു ശ്രമം.
ശ്രീനാരായണഗുരുവിന്റെ നിലപാടുകളോടും എസ്എന്‍ഡിപി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളോടും കടകവിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ നിലപാട്. സമൂഹത്തില്‍ വിഭാഗീയതയ്ക്കു ശക്തികൂട്ടാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിക്കില്ല. കേരളത്തിന്റെ നന്മയ്ക്കും സാമൂഹിക സമത്വത്തിനും എന്ന വെള്ളാപ്പള്ളിയുടെ വാക്കുകളെ ഇന്ന് ജനം വിശ്വസിക്കുന്നില്ല. ബിജെപിയുടെ ബി ടീം ആവാനുള്ള ബിഡിജെഎസ് ശ്രമം വിജയിക്കില്ല. പാര്‍ട്ടി യുഡിഎഫിനു ഭീഷണിയാവില്ല. മറ്റുള്ളവരുടെ ബലഹീനതയിലല്ല സ്വന്തം ശക്തിയില്‍ വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസ്സും യുഡിഎഫും. യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോവുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വെള്ളപ്പൊക്കം നാശംവിതച്ച ചെന്നൈക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ള നടപടികള്‍ ചെയ്തു കഴിഞ്ഞു. തമിഴ്‌നാട് സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുണ്ട്. ചെന്നൈയിലുള്ള മലയാളികളെ തിരികെ എത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ്സുകളുടെ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. സൗജന്യ യാത്രയ്‌ക്കൊപ്പം ഭക്ഷണവും വെള്ളവും ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ബസ്സുകള്‍ വേണമെന്ന ആവശ്യം നടപ്പാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികളായ രണ്ടു പേരെ എയര്‍ലിഫ്റ്റ് ചെയ്യുന്ന കാര്യവും ആലോചിച്ചിരുന്നു. ഒരാളെ സുരക്ഷിതമായ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം തീപ്രപരിചരണ വിഭാഗത്തില്‍ ശ്വാസംമുട്ടി 18 പേര്‍ ആശുപത്രിയിലാണ് മറ്റൊരാളുള്ളത്. എന്നാല്‍, 24 മണിക്കൂര്‍ നിരീക്ഷണത്തിലായതിനാല്‍ ഇപ്പോള്‍ എയര്‍ലിഫ്റ്റ് ചെയ്യാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ അനുവദിക്കുന്ന സമയം രോഗിയെ എയര്‍ ലിഫ്റ്റ് ചെയ്ത് എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചു ചികില്‍സ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it