വെള്ളാപ്പള്ളിയുടെ അറസ്റ്റ് വൈകുന്നു; പ്രതിഷേധം വ്യാപകം

പി പി ഷിയാസ്

തിരുവനന്തപുരം: ആലുവയില്‍ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന പ്രകോപന പ്രസംഗം നടത്തിയ എസ്എന്‍ഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം വ്യാപകമാവുന്നു. കോണ്‍ഗ്രസ്സിനകത്തുനിന്നുതന്നെ ഇതിനോടകം എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. അറസ്റ്റ് വൈകുന്നതിനെതിരേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ഇന്നലെ രംഗത്തെത്തി. വെള്ളാപ്പള്ളിയെ സഹായിക്കുന്ന നിലപാടാണോ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റുപറയാന്‍ കഴിയില്ലെന്നായിരുന്നു ഷുക്കൂറിന്റെ പ്രതികരണം. 1996ല്‍ മാരാരിക്കുളത്ത് അനുമതിയില്ലാത്ത വയര്‍ലസ് സെറ്റ് ഉപയോഗിച്ചതിനും വെള്ളാപ്പള്ളിക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു സമാനമായ കേസെടുത്തിരുന്നു. ജാമ്യമില്ലാത്ത കുറ്റം ചുമത്തി കേസെടുത്തെങ്കിലും വെള്ളാപ്പള്ളിയെ ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തി പ്രധാനമന്ത്രിയുമായി വേദിപങ്കിടാനുണ്ടായ സാഹചര്യം പ്രധാനമന്ത്രിയുടെ ഓഫിസ് അന്വേഷിക്കണമെന്നാണ് ഷുക്കൂര്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞദിവസം വി ഡി സതീശനും നിയമസഭയില്‍ ഇതേ ആവശ്യമുന്നയിച്ചു. കേസ് ആലുവ പോലിസ് അന്വേഷിച്ചുവരുകയാണെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ വിശദീകരണം. വിവാദപ്രസംഗത്തോടനുബന്ധിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളും പ്രതിപക്ഷനേതാവ് വിഎസും കോടിയേരിയും പിണറായി വിജയന്‍ അടക്കമുള്ള എല്‍ഡിഎഫ് നേതാക്കളും ഇതര രാഷ്ട്രീയപ്പാര്‍ട്ടികളും വെള്ളാപ്പള്ളിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐപിസി 153 അനുസരിച്ച് ജാമ്യമില്ലാത്ത കേസാണ് വെള്ളാപ്പള്ളിക്കെതിരേ ചുമത്തിയതെങ്കിലും സംഭവം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സമത്വമുന്നേറ്റയാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതിനു മുമ്പ് വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുമെന്നാണ് പോലിസ് അറിയിച്ചിരുന്നതെങ്കിലും അന്വേഷണം ഏതാണ്ടു നിലച്ചമട്ടാണ്. മതസ്പര്‍ധക്കുറ്റം തെളിയിക്കാനാവുമോ എന്നാണ് നിലവിലെ ആശയക്കുഴപ്പം.
സുധീരനും ടി എന്‍ പ്രതാപനും ഇതുവരെ മൊഴി നല്‍കിയിട്ടില്ല. ഓഫിസ് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മൊഴിയെടുക്കാന്‍ സമയം ലഭിച്ചില്ലെന്നാണ് അറിവ്. കേസില്‍ വെള്ളാപ്പള്ളി നടേശന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണത്തില്‍ ഉന്നത ഇടപെടലുണ്ടെന്ന സംശയം ബലപ്പെടുന്നത്. ഇതിനിടെയാണ് പോലിസ് അകമ്പടിയോടെ കഴിഞ്ഞദിവസം കൊല്ലത്ത് എസ് എന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വെള്ളാപ്പള്ളി ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനചടങ്ങ് സംഘടിപ്പിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലവിലുള്ള ഒരു വ്യക്തിയോടൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുത്തത്. ഇതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അറസ്റ്റ് വൈകുന്നതിനു പിന്നില്‍ വെള്ളാപ്പള്ളിയുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളിയാണെന്ന് ഇന്നലെ കോടിയേരി ആരോപിച്ചു.
കൊല്ലത്തെ പരിപാടിയില്‍ നിന്നു തന്നെ ഒഴിവാക്കിയതിനു പിന്നില്‍ വെള്ളിപ്പള്ളിക്കു പങ്കില്ലെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞതും ഇത്തരമൊരു സംശയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രതിപക്ഷവും ഇതേ ആരോപണവുമായി രംഗത്തുണ്ട്. തൊഗാഡിയക്കെതിരേ ചാര്‍ജ് ചെയ്ത ഐപിസി 153 പ്രകാരമുള്ള കേസുകള്‍ പിന്‍വലിച്ചതുപോലെ വെള്ളാപ്പള്ളിയെയും ഉമ്മന്‍ചാണ്ടി രക്ഷപ്പെടുത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Next Story

RELATED STORIES

Share it