വെള്ളാപ്പള്ളിക്കെതിരേ ജാമ്യമില്ലാ വകുപ്പ്

തിരുവനന്തപുരം: കോഴിക്കോട് മാന്‍ഹോള്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച നൗഷാദുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ആലുവ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. 153(എ) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതരത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയതിനാണ് കേസ്. കൂടുതല്‍ അന്വേഷണത്തിനു ശേഷം തുടര്‍നടപടികളിലേക്കു കടക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസംഗം വര്‍ഗീയ സ്പര്‍ധ ഉണ്ടാക്കുന്നുവെന്നു കാണിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു പോലിസില്‍ പരാതി നല്‍കിയിരുന്നു.
പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും പരാതിക്കാരന്‍ അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ടി എന്‍ പ്രതാപന്‍ എന്നിവരും വെള്ളാപ്പള്ളിക്കെതിരേ നടപടിയാവശ്യപ്പെട്ട് കത്തു നല്‍കിയിരുന്നു. നടപടി വേണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയും പരിഗണിച്ചെന്ന് ചെന്നിത്തല പറഞ്ഞു.
പരാതികള്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്ക് കൈമാറി. തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായത്തെ തുടര്‍ന്നാണ് 153(എ) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആലുവ പോലിസിന് നിര്‍ദേശം നല്‍കിയത്. ആലുവ ലോക്കല്‍ പോലിസാവും അന്വേഷണം നടത്തുക.
ആര്‍എസ്എസിനോട് കൂട്ടുകൂടിയ വെള്ളാപ്പള്ളിയെ വര്‍ഗീയതയുടെ വൈറസ് പിടികൂടിയിരിക്കുകയാണ്. ഇതു കേരളത്തിന്റെ മതേതരമുഖം തകര്‍ക്കാനേ ഉപകരിക്കൂ. സംസ്ഥാനത്തുടനീളം യാത്ര നടത്തി വര്‍ഗീയ പ്രചാരണം നടത്തുന്ന വെള്ളാപ്പള്ളിയുടെ പൊയ്മുഖം കേരള ജനത തിരിച്ചറിയും. കോഴിക്കോട് മാന്‍ഹോള്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ നൗഷാദിന്റെ വിയോഗം നാടിനെ വേദനിപ്പിക്കുന്നതാണ്. അതില്‍ വര്‍ഗീയത കാണുന്നത് ഹീനമാണ്. വെള്ളാപ്പള്ളിയുടെ യാത്ര തടയാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ല. എന്നാല്‍, വര്‍ഗീയത ആളിക്കത്തിക്കാനാണു ശ്രമമെങ്കില്‍ തുടര്‍നടപടികള്‍ ആലോചിച്ചു തീരുമാനിക്കും.
അപകടത്തില്‍പ്പെടുമ്പോള്‍ പോലും ജാതിയും മതവും ചോദിക്കുന്ന നികൃഷ്ടമായ ഇത്തരം സമീപനങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. വെള്ളാപ്പള്ളിയുടെ ഈ പ്രസംഗം സമൂഹത്തില്‍ ജാതിസ്പര്‍ധയും വര്‍ഗീയ സ്പര്‍ധയും വളര്‍ത്തും. വിദ്വേഷമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഈ ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സമൂഹത്തില്‍ ജാതിസ്പര്‍ധയും വര്‍ഗീയതയും ആളിക്കത്തിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഒരു നീക്കത്തെയും വച്ചുപൊറുപ്പിക്കില്ല. ഇതിനകത്ത് രാഷ്ട്രീയമില്ല. നാടിന്റെ സമാധാനത്തെ ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. മൈക്രോഫിനാന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കെതിരേ പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ച് എസ്പി ശ്രീധരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പിന്നാക്ക സമുദായ കോര്‍പറേഷനില്‍നിന്ന് കുറഞ്ഞ പലിശയ്ക്കു വാങ്ങിയ പണം കൂടിയ പലിശയ്ക്ക് ജനങ്ങള്‍ക്കു നല്‍കുന്നുവെന്നതാണ് വിഎസിന്റെ പരാതി. അത് വിശദമായ പരിശോധനയ്ക്കു വിധേയമാക്കും. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it