Agriculture

വെള്ളാപ്പള്ളിക്കെതിരായ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

ആലുവ: മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസില്‍ ഇന്നലെ ആലുവ പോലിസ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് പോലിസ് ആലുവ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി എം സിറാജുദ്ദീന്‍ മുമ്പാകെ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. വെള്ളാപ്പള്ളി നടത്തിയ പ്രസംഗം പ്രകോപനപരവും മതവിദ്വേഷം ഉണ്ടാക്കുന്നതുമാണെന്ന് എഫ്‌ഐആറില്‍ പോലിസ് പറഞ്ഞിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആഭ്യന്തരവകുപ്പിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തിട്ടുള്ളത്. ടി എന്‍ പ്രതാപന്‍ എംഎല്‍എ, ഗിരീഷ് ബാബു, മൂന്നു മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ സാക്ഷികളാണ്.
കേസില്‍ കക്ഷിയായ ഗിരീഷ് ബാബുവില്‍ നിന്ന് സിഐ വിജയന്‍ ഇന്നലെ മൊഴി രേഖപ്പെടുത്തി. ടി എന്‍ പ്രതാപന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരുടെ മൊഴി ഉടനെ രേഖപ്പെടുത്താനാണ് പോലിസിന്റെ തീരുമാനം. ഐപിസി 153-എ പ്രകാരം മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസ്.
വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it