വെള്ളാപ്പള്ളിക്കും മകനുമെതിരേ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരായ ആരോപണം അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ രൂപരേഖ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ആരോപണവിധേയരായ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, സ്വാമി സൂക്ഷ്മാനന്ദ, പ്രിയന്‍ എന്നിവരുടെ പങ്ക് അന്വേഷിക്കുന്നത് ഉള്‍പ്പെടെ വിശദമായ റിപോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
നീന്തലറിയാവുന്ന സ്വാമി എങ്ങനെ മുങ്ങിമരിച്ചുവെന്നത് അന്വേഷിക്കും. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ ആരോപണം, സംഭവദിവസം മുട്ടട മുതല്‍ ആലുവ വരെ ശാശ്വതീകാനന്ദയോടൊപ്പം ഉണ്ടായിരുന്ന സ്വാമി സൂക്ഷ്മാനന്ദയ്‌ക്കെതിരേയുള്ള ആരോപണം, പാലില്‍ ഇന്‍സുലിന്‍ ചേര്‍ത്തു നല്‍കാനുള്ള സാധ്യത, എറണാകുളം സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള പോസ്റ്റ്‌മോര്‍ട്ടം വീഡിയോ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കല്‍, ബാര്‍ ഉടമ ബിജു രമേശ് ആരോപണമുന്നയിച്ച എറണാകുളം സ്വദേശി പ്രിയന്‍, സ്വാമിക്കും വെള്ളാപ്പള്ളിക്കും വിദേശയാത്രയില്‍ താമസസൗകര്യമൊരുക്കിയ സുജാതന്റെ പങ്ക്, ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍ തുടങ്ങി ഒമ്പതു കാര്യങ്ങളാണ് അന്വേഷണപരിധിയില്‍ വരുക. സാക്ഷികളില്‍ നിന്നു വിശദമായ മൊഴിയെടുക്കുമെന്നും ശാസ്ത്രീയാന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് എസ്പി പി കെ മധു സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
സ്വാമിയുടെ മരണം സംബന്ധിച്ച് ആവര്‍ത്തിച്ച് നടത്തിയ അന്വേഷണത്തില്‍, മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് കണ്ടെത്തിയത്. 2013 ഡിസംബര്‍ 31നാണ് എറണാകുളം സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മരണം സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചത്. വിചാരണക്കോടതിയല്ലാത്തതിനാല്‍ സാക്ഷിമൊഴികള്‍ ഹാജരാക്കിയിട്ടില്ല. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് അസി. സര്‍ജന്‍ നേരിട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ സ്വാമിയുടെ നെറ്റിയിലേറ്റ മുറിവ് വെള്ളത്തില്‍ നിന്നു മൃതശരീരം എടുത്തപ്പോള്‍ ഉണ്ടായിട്ടുള്ളതാണെന്നാണ് വ്യക്തമാക്കുന്നത്.
അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ മറ്റൊരു അന്വേഷണം ആവശ്യപ്പെടുന്നത് നിയമപരമല്ല. 2015 ഒക്ടോബര്‍ 30നു ബാര്‍ ഉടമ ബിജു രമേശിനെ ചോദ്യംചെയ്‌തെങ്കിലും ആവശ്യമായ തെളിവുകള്‍ ലഭ്യമായില്ല. നേരിട്ടുള്ള തെളിവുകള്‍ ബിജു രമേശില്‍ നിന്നു ലഭിക്കാത്തതിനാല്‍ പ്രഥമവിവര റിപോര്‍ട്ട് തയ്യാറാക്കാനാവില്ല. എന്നിരുന്നാലും അന്വേഷണം നടത്തുമെന്നും വിശദീകരണ പത്രികയില്‍ പറയുന്നു. അഴിമതിവിരുദ്ധ-മനുഷ്യാവകാശ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ് അഡ്വ. ബി എച്ച് മന്‍സൂര്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് ക്രൈംബ്രാഞ്ച് വിശദീകരണം നല്‍കിയത്.
ശാസ്ത്രീയ പരിശോധനയില്‍ എന്തെങ്കിലും വിഷാംശം സ്വാമിയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരാരും തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും കെമിക്കല്‍ പരിശോധനാ റിപോര്‍ട്ടുമാണ് കേസിലെ പ്രധാന തെളിവുകളെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ശാശ്വതീകാനന്ദയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെയും ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it