വെള്ളറട വില്ലേജ് ഓഫിസിന് തീയിട്ട സംഭവം: പ്രതി പിടിയില്‍

തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫിസിന് തീയിട്ട കേസി ല്‍ പ്രതി പോലിസ് പിടിയില്‍. വെള്ളറട സ്വദേശിയായ സാംകുട്ടിയാണ് അടൂരില്‍ അറസ്റ്റിലായത്. ഭൂമിയുടെ പോക്കുവരവ് ചെയ്യാത്തതിലുള്ള വൈരാഗ്യമാണ് പ്രതിയെ ഓഫിസിന് തീയിടാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപോര്‍ട്ട്. ടാപ്പിങ് തൊഴിലാളിയായ ഇയാളെ പോലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഭൂമിയുടെ പോക്കുവരവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ വില്ലേജ് ഓഫിസില്‍ കയറിയിറങ്ങിയിട്ടും നടപടികളൊന്നും സ്വീകരിക്കാന്‍ വില്ലേജ് ഓഫിസര്‍ കൂട്ടാക്കാതിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. 18 സെന്റ് വസ്തുവാണ് സാംകുട്ടിക്ക് പോക്കുവരവ് ചെയ്യാനുണ്ടായിരുന്നത്. ഇതിനായി കഴിഞ്ഞ മൂന്നുവര്‍ഷമായി വില്ലേജ് ഓഫിസില്‍ കയറി ഇറങ്ങുന്നു. എന്നാല്‍, ഇതുവരെ ഉദ്യോഗസ്ഥര്‍ പോക്കുവരവ് നടത്തി തന്നില്ലെന്നും ഇതാണ് ആക്രമണത്തിന് കാരണമെന്നും സാം കുട്ടി പോലിസിന് മൊഴി നല്‍കി. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11നായിരുന്നു സംഭവം. ഹെല്‍മെറ്റ് ധരിച്ചെത്തിയ പ്രതി രാസവസ്തുക്കള്‍ ഉപയോഗിച്ചുണ്ടാക്കിയ സ്‌ഫോടനത്തില്‍ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ 11 പേര്‍ക്കു പൊള്ളലേറ്റിരുന്നു. മുഖത്തു ഗുരുതര പൊള്ളലേറ്റ വില്ലേജ് അസിസ്റ്റന്റ് ഒറ്റശേഖരമംഗലം സ്വദേശി വേണുഗോപാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
വില്ലേജ് ഓഫിസിലെ കംപ്യൂട്ടറുകളും ഫയലുകളും രേഖകളുമെല്ലാം കത്തിച്ചാമ്പലായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പിന്‍വശത്തെ ശുചിമുറിയുടെ വെന്റിലേറ്റര്‍ തകര്‍ത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷിച്ചത്. ഈ ബഹളത്തിനിടെ ആനപ്പാറ തമിഴ്‌നാട് റോഡിലൂടെ അക്രമി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വില്ലേജ് ഓഫിസിലുണ്ടായ പൊട്ടിത്തെറിക്കു പിന്നില്‍ അട്ടിമറിയില്ലെന്ന നിഗമനത്തില്‍ പോലിസ് ആദ്യം തന്നെ എത്തിയിരുന്നു. ഓഫിസില്‍ സ്‌ഫോടനം നടന്നിട്ടില്ലെന്നും പെട്രോളും മണ്ണെണ്ണയും ഉപയോഗിച്ചു തീ കൊളുത്തുകയാണുണ്ടായതെന്നുമായിരുന്നു പോലിസിന്റെ കണ്ടെത്തല്‍.
സ്ഥലത്തെത്തിയ പോലിസ് അക്രമി ഉപയോഗിച്ചതെന്നു കരുതുന്ന തൊപ്പിയും ബാഗിന്റെ അവശിഷ്ടവും വില്ലേജ് ഓഫിസിനു 100 മീറ്റര്‍ അകലെനിന്നു കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
Next Story

RELATED STORIES

Share it