wayanad local

വെള്ളരിപ്പാടം പദ്ധതി; 60 ഗ്രന്ഥശാലകള്‍ ജൈവകൃഷിയിലേക്ക്

കല്‍പ്പറ്റ: ഗ്രന്ഥശാലകളെ ഇനി വെറും അക്ഷരപ്പുരകള്‍ മാത്രമായി കാണാനാവില്ല. നാടിന്റെ പുരോഗതിയുടെ സമസ്തമേഖലകളിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്ന ഗ്രന്ഥശാലകള്‍ ജൈവ കൃഷിയിലേക്കും തിരിയുന്നു.
2015-16 വര്‍ഷത്തെ ജില്ലാ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ലൈബ്രറി കൗണ്‍സിലാണ് വെള്ളരിപ്പാടം എന്ന പേരില്‍ ജൈവ പച്ചക്കറികൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് വിഷമയമായ പച്ചക്കറികളാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്നത്. തനതു കൃഷിരീതികളെല്ലാം അന്യംനിന്നുപോവുന്ന സാഹചര്യത്തില്‍ കൊയ്ത്ത് കഴിഞ്ഞ പാടത്തെ സജീവമായി നിലനിര്‍ത്തുന്ന ഇടവേള പച്ചക്കറി കൃഷിത്തോട്ടങ്ങള്‍ പുനരാവിഷ്‌കരിച്ച് കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറി കൗണ്‍സില്‍ ഈ സംരംഭം ആരംഭിക്കുന്നത്.
ജില്ലയിലെ മൂന്നു താലൂക്കുകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 60 ഗ്രന്ഥശാലകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം. കൃഷി ചെയ്യുന്നതിനാവശ്യമായ നിലമൊരുക്കുന്നത് പ്രാദേശികമായി ഗ്രന്ഥശാലകള്‍ രൂപീകരിക്കുന്ന കര്‍ഷക കൂട്ടായ്മകളാണ്.
നടപടിക്രമങ്ങള്‍ ഇതിനൊടകം ആരംഭിച്ചു കഴിഞ്ഞു. കൃഷിക്കാവശ്യമായ തൈകളും വളവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ നല്‍കും. ഏകദേശം 15 ഇനം പച്ചക്കറികളാണ് കൃഷിചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍, കൃഷി വിദഗ്ധര്‍, ഗ്രന്ഥശാലയിലെ കര്‍ഷക പ്രതിനിധികള്‍ അടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റി നേതൃത്വം നല്‍കും. വെള്ളരിപ്പാടം പദ്ധതിയിലൂടെ ഗ്രന്ഥശാലകളിലെ കര്‍ഷക കൂട്ടായ്മയ്ക്ക് ശക്തിപകര്‍ന്ന് ജൈവകൃഷി വ്യാപിപ്പിക്കാന്‍ കഴിയുമെന്നും ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ സ്വന്തം അടുക്കളത്തോട്ടങ്ങളിലേക്ക് കൂടി ജൈവമാര്‍ഗങ്ങളിലൂടെയുള്ള കൃഷിരീതികള്‍ നടപ്പാക്കുമെന്നും ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
26 മുതല്‍ തിരഞ്ഞെടുത്ത ഗ്രന്ഥശാലകള്‍ക്ക് പച്ചക്കറിത്തൈകളും വളക്കിറ്റും വിതരണം തുടങ്ങും.
പച്ചക്കറിത്തൈകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള നഴ്‌സറികള്‍ ജില്ലാ ലൈബ്രറി കൗണ്‍സിലുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി അറിയിച്ചു.
Next Story

RELATED STORIES

Share it