wayanad local

വെള്ളമില്ല: കുറുവാദ്വീപിലെത്തുന്ന സഞ്ചാരികള്‍ക്ക് നിരാശ

മാനന്തവാടി: ഏപ്രില്‍ പകുതിയായിട്ടും കാര്യമായ വേനല്‍മഴ ലഭിക്കാതെ വന്നതോടെ വരണ്ടുകിടക്കുന്ന കുറുവാദ്വീപിലെത്തുന്ന വിനോദസഞ്ചാരികള്‍ നിരാശയോടെ മടങ്ങുന്നു. ജില്ലയില്‍ മുമ്പെങ്ങുമില്ലാത്ത തോതില്‍ ചൂട് വര്‍ധിക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും കാടിന്റെ പച്ചപ്പും പുഴയുടെ കുളിര്‍മയും തേടിയെത്തുന്ന വിനോദസഞ്ചാരികളാണ് കുറുവാദ്വീപിലെ ചൂട് സഹിക്കാനാവാതെ മടങ്ങിപ്പോവുന്നത്.
ചൂട് കൂടിയതോടെ കുറുവാദ്വീപ് കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ശരാശരി 2,500 പേര്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 500 വരെയായി കുറഞ്ഞതായാണ് കണക്കുകള്‍. ദ്വീപിനുള്ളിലെ അടിക്കാടുകളും പുല്ലുകളും കരിഞ്ഞുണങ്ങിയിരിക്കുകയാണ്. പുഴയും വറ്റിയുണങ്ങി പാറക്കല്ലുകള്‍ തെളിഞ്ഞുനില്‍ക്കുന്നു. തീരെ ഒഴുക്കില്ലാത്ത ഭാഗങ്ങളില്‍ ചളി നിറഞ്ഞിരിക്കുകയാണ്.
80 രൂപ പ്രവേശന ഫീസ് നല്‍കി ഏറെ പ്രതീക്ഷയോടെ ദ്വീപിനുള്ളില്‍ പ്രവേശിക്കുന്ന സഞ്ചാരികള്‍ നിരാശയോടും പ്രതിഷേധത്തോടെയുമാണ് തിരികെ പോവുന്നത്. വനംവകുപ്പിന്റെയും ഡിടിപിസിയുടെയും ചങ്ങാട യാത്രയൊഴിച്ചാല്‍ കുറുവാദ്വീപ് സന്ദര്‍ശനം സഞ്ചാരികള്‍ക്ക് നിരാശമാത്രമാണ് നല്‍കുന്നത്. ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് വനംവകുപ്പിനും ഡിടിപിസിക്കും വിനോദസഞ്ചാരികളില്‍ നിന്നു ലഭിക്കുന്നത്. എന്നാല്‍, ഇതനുസരിച്ച വികസന പ്രവര്‍ത്തനങ്ങളൊന്നും തന്നെ ദ്വീപിനുള്ളിലോ പ്രവേശന സ്ഥലത്തോ ഒരുക്കാന്‍ തയ്യാറാവുന്നില്ല. ദ്വീപിനുള്ളില്‍ കുടിവെള്ളമോ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളോ വനംവകുപ്പ് ഒരുക്കിയിട്ടില്ല.
Next Story

RELATED STORIES

Share it