Kottayam Local

വെള്ളമില്ല; എരുമേലിയില്‍ ജല വിതരണം നിലയ്ക്കുന്നു

എരുമേലി: എരുമേലിയില്‍ ജല അതോറിട്ടിയുടെ വെള്ളം വിതരണം ഒരാഴ്ചയ്ക്കു ശേഷം മുന്നറിയിപ്പില്ലാതെ നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന് അധികൃതര്‍. മണിമലയാറില്‍ കൊരട്ടി പമ്പ് ഹൗസ് വഴിയാണ് എരുമേലിയിലേക്കു ജലവിതരണം നടത്തുന്നത്.
ഇതിനായി വെള്ളം ശേഖരിക്കുന്നത് പമ്പ് ഹൗസിന് താഴെയുള്ള ചാകയത്തില്‍ നിന്നാണ്. ഒരിക്കലും വറ്റിയിട്ടില്ലാത്ത ചാകയത്തില്‍ ഇപ്പോള്‍ ജല നിരപ്പ് ക്രമാതീതമായി താഴ്ന്നിരിക്കുകയാണ്. ഒപ്പം വെള്ളം മാലിന്യ പൂരിതമാവുകയും ചെയ്തു. ചാകയത്തില്‍ ജലനിരപ്പ് താഴാതെ നിലനിര്‍ത്താന്‍ സഹായിക്കുന്നത് കൊരട്ടിയിലെ തടയണയായിരുന്നു. എന്നാല്‍ തടയണയുടെ ശേഷി കുറവായതിനാല്‍ ജലവിതരണം നില നിര്‍ത്താന്‍ സഹായിക്കുന്ന മണല്‍ നിറച്ച ചാക്കുകള്‍ കഴിഞ്ഞയിടെ ചിലര്‍ നീക്കം ചെയ്തിരുന്നു. ഇതുകൂതെ തുരിശ് കലക്കി വന്‍ തോതില്‍ രാത്രികാലങ്ങളില്‍ മീന്‍പ്പിടുത്തം നടക്കുന്നുണ്ട്.
ഇതുമൂലം നിരവധി മല്‍സ്യങ്ങള്‍ കയങ്ങളില്‍ ചത്തുപൊങ്ങിവെള്ളം മലിനമായി. തുരിശു കലര്‍ത്തുമ്പോള്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ മൃതപ്രായരായി വലയില്‍ കുടുങ്ങുന്നു. ഇതിനു പുറമേ നീര്‍നായകളെ കൊന്നൊടുക്കുന്നുമുണ്ട്. മല്‍സ്യങ്ങളെ ആഹാരമാക്കുന്ന നീര്‍നായ്ക്കള്‍ നദികളിലെ അപൂര്‍വ ഇനം ജീവികളാണ്. ഇവയെ പിടികൂടുക എളുപ്പമല്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിദഗ്ധരായ അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് നീര്‍നായ്ക്കളെ വേട്ടയാടി കൊന്നൊടുക്കുന്നത്. ചാകയത്തില്‍ ഏഴ് നീര്‍നായകളെ കഴിഞ്ഞ ദിവസം രാത്രിയില്‍ പിടികൂടി കൊന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
വെള്ളം മാലിന്യങ്ങളില്‍ നിറയുകയും ജലനിരപ്പ് താഴുകയും ചെയ്തതോടെ ഇപ്പോള്‍ ഒരാഴ്ചയായി ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് പമ്പ് ഹൗസില്‍ നിന്ന് ജല വിതരണം നടത്തുന്നത്. ഒരാഴ്ചകൂടി വിതരണം ചെയ്യുന്നതോടെ പമ്പ് ഹൗസിലേക്കുള്ള ചാകയത്തിലെ ജലവിതരണ കുഴല്‍ ജലനിരപ്പിനു മുകളിലാവുമെന്ന് അധികൃതര്‍ പറയുന്നു. തുടര്‍ന്ന് ജല വിതരണം നടത്തണമെങ്കില്‍ അടിത്തട്ടിലേക്കു കുഴിയിട്ട് ഡീസല്‍ മോട്ടോര്‍ വാങ്ങി ഉപയോഗിച്ച് പമ്പ് ഹൗസിലെ കിണറില്‍ വെള്ളം നിറയ്ക്കണം. എന്നാല്‍ ഇതിന് ഫണ്ടും അനുമതിയും ലഭിക്കണം.
എന്നാല്‍ ഇക്കാര്യത്തില്‍ നടപടികളൊന്നും ആരംഭിച്ചിട്ടു പോലുമില്ല. കൂടാതെ സാമൂഹിക വിരുദ്ധര്‍ക്കെതിരെയും നടപടികളില്ലാത്തതിനാല്‍ ജലം കൂടുതല്‍ മലിനമായിക്കൊണ്ടിരിക്കും. ഇതൊടൊപ്പം ജലവിതരണം നിലയ്ക്കുമെന്ന് ആശങ്കയും ശക്തമായിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it