വെള്ളമില്ലാതെ ജലവണ്ടി; പ്രതിഷേധവുമായി എസ്പി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വരള്‍ച്ചബാധിത മേഖലയായ ബുന്ദേല്‍ഖണ്ഡിലേക്ക് ശൂന്യമായ ജല തീവണ്ടി അയച്ച് കേന്ദ്രം നിന്ദ്യമായ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി (എസ്പി) അംഗങ്ങള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി. മേഖലയിലെ വരള്‍ച്ച കൈകാര്യം ചെയ്യുന്നതിന് അണക്കെട്ടുകള്‍, ജലസംഭരണികള്‍, നദിയിലെ ചളി നീക്കല്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ അവഗണിക്കുകയും സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്താതെ ശൂന്യമായ ജല തീവണ്ടി അയക്കുകയുമായിരുന്നുവെന്ന് അംഗങ്ങള്‍ ആരോപിച്ചു.
എന്നാല്‍, കേന്ദ്രം ജല രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നിഷേധിച്ചു. വരള്‍ച്ചബാധിത മേഖലയിലേക്ക് പോവുന്നതിനു മുമ്പ് ജലം നിറയ്ക്കാനായി ഝാന്‍സിയിലേക്കുള്ള യാത്രയിലായിരുന്നു 10 വാഗണുകളുള്ള ട്രെയിനെന്ന് സുരേഷ് പ്രഭു അറിയിച്ചു. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാത്ത എസ്പി അംഗങ്ങള്‍, ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും മന്ത്രി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
എസ്പി അംഗമായ നരേഷ് അഗര്‍വാളാണ് സഭയില്‍ വിഷയം ഉന്നയിച്ചത്. ബുന്ദേല്‍ഖണ്ഡിലെത്തുമ്പോള്‍ ട്രെയിനില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ലെന്നും അത് ശൂന്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വരള്‍ച്ചയും ജല ദൗര്‍ലഭ്യവുമായി ബന്ധപ്പെട്ട് കേന്ദ്രം രാഷ്ട്രീയം കളിക്കുന്നില്ലെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
Next Story

RELATED STORIES

Share it