വെള്ളത്തെച്ചൊല്ലി സംഘര്‍ഷം; എംഎന്‍എസ് പ്രവര്‍ത്തകര്‍ ജലസേചന ഓഫിസ് തല്ലിത്തകര്‍ത്തു

പൂനെ: നഗരത്തിലെ ജലസംഭരണികളില്‍ നിന്ന് അയല്‍ പട്ടണങ്ങളിലേക്കു വെള്ളം വിതരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) പ്രവര്‍ത്തകര്‍ സംസ്ഥാന ജലസേചന ഓഫിസ് തല്ലിത്തകര്‍ത്തു.
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മറ്റു പ്രദേശങ്ങളിലേക്കു ജലം വിതരണംചെയ്യാനാണ് മന്ത്രി ഗിരീഷ് ബാപത് തീരുമാനിച്ചിരുന്നത്. ഖഡക് വസ്‌ല ഡാമില്‍ നിന്നു ഭൗന്ദ്, ഇന്ദാപൂര്‍ താലൂക്കുകളില്‍ ജലം വിതരണം ചെയ്യാനായിരുന്നു തീരുമാനം. എംഎന്‍എസുകാരുടെ ആക്രമണത്തില്‍ ഓഫിസിലെ ഫര്‍ണിച്ചറും മറ്റും തകര്‍ന്നിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് സിറ്റി പോലിസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.
അതേസമയം, അയല്‍പ്രദേശങ്ങളില്‍ ജലവിതരണം നടത്താനുള്ള തീരുമാനം പൂനെയുടെ ജലദൗര്‍ലഭ്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്നു മന്ത്രി പറഞ്ഞു. എന്നാല്‍ സിറ്റി മേയര്‍ പ്രശാന്ത് ജഗ്ദാപ് മന്ത്രിയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തി. മന്ത്രിയുടെ തീരുമാനം നടപ്പായാല്‍ നഗരത്തിലെ ജലവിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്നു മേയര്‍ പറഞ്ഞു. തീരുമാനമെടുക്കുംമുമ്പ് മന്ത്രി നഗരസഭയുമായി കൂടിയാലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it