വെള്ളത്തില്‍ വീണ് മരിച്ച സിആര്‍പിഎഫ് ജവാന്റെ മൃതദേഹം സംസ്‌കരിച്ചു

ഹരിപ്പാട്: വെള്ളത്തില്‍ വീണ് മരിച്ച സിആര്‍പിഎഫ് ജവാന്‍ ചിങ്ങോലി മാങ്കിയില്‍ തെക്കേതില്‍ അനിലിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. മൃതദേഹത്തോട് കാണിച്ച അനാദരവിനെ സംബന്ധിച്ച് അന്വേഷണം നടത്താമെന്നും കുടുംബത്തിനെ സമാശ്വസിപ്പിക്കാനുള്ള നടപടി സ്വീകരിക്കാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ടെലഫോണിലൂടെ ഉറപ്പ് നല്‍കിയതായി കെ സി വേണുഗോപാല്‍ എംപി അറിയിച്ച ശേഷമാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായത്. ഇന്നലെ രാവിലെ ജവാന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന താലൂക്ക് ആശുപത്രിയിലെത്തിയ എംപി ബന്ധുക്കളോട് സംസാരിച്ച ശേഷമാണ് രാജ്‌നാഥ് സിങുമായി ഫോണില്‍ ബന്ധപ്പെട്ടത്. ഈ ഉറപ്പിന്മേല്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യത്തില്‍ നിന്നു ബന്ധുക്കള്‍ പന്മാറുകയായിരുന്നു. സിആര്‍പിഎഫ് ജവാന്റെ മരണം വേദനാജനകമായ സംഭവമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവാന്റെ മൃതദേഹത്തിനോട് അനാദരവ് കാട്ടിയെന്ന പരാതി ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അന്വേഷണം ആവശ്യപ്പെട്ട് ഫാക്‌സ് അയച്ചിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. സാധാരണ പൗരനോട് പോലും കാണിക്കാന്‍ പാടില്ലാത്ത ക്രൂരതയാണ് സിആര്‍പിഎഫ് ജവാന്‍ അനിലിന്റെ മൃതദേഹത്തോട് അധികാരികള്‍ കാണിച്ചതെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട രീതിയില്‍ അന്വേഷണം നടത്തി അനാദരവ് കാണിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കള്‍ക്ക് ഉണ്ടായ നഷ്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it