Alappuzha local

വെള്ളക്കെട്ടിന് പരിഹാരമില്ല; പ്രദേശവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനൊരുങ്ങുന്നു

ആലപ്പുഴ: മുതലപൊഴിയും അതിന്റെ ശാഖകളും കടന്നു പോവുന്ന ആലപ്പുഴ നിയോജകമണ്ഡലത്തിലെ കാഞ്ഞിരംചിറ മംഗലം, കനാല്‍വാര്‍ഡ്, ആറാട്ടുവഴി വാര്‍ഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുതലപ്പൊഴി തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ വൈകീട്ട് മൂന്നിന് മുതലപ്പൊഴിപാലത്തിന് സമീപം കണ്‍വന്‍ഷന്‍ ചേരും. മുന്നണി സ്ഥാനാര്‍ഥികളെയടക്കം പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓരോ തിരഞ്ഞെടുപ്പ് കാലത്തും വാഗ്ദാനങ്ങള്‍ നല്‍കി കൂടെ നിര്‍ത്താനാണ് മുന്നണി സ്ഥാനാര്‍ഥികള്‍ ശ്രമിച്ചത്. എന്നാല്‍ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ നാളിതുവരെ ഒരു ജനപ്രതിനിധിയും പരിശ്രമം നടത്തിയിട്ടില്ല.
2014ല്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന രണ്ടുകോടിരൂപയുടെ എസ്റ്റിമേറ്റെടുത്തെങ്കിലും വേണ്ടത്ര ഇടപെടലില്ലാതെ നടപ്പാവാതെപോയി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു 1256 പേര്‍ ഒപ്പിട്ട നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷനര്‍ ആര്‍ നടരാജന്‍ ദുരിതബാധിത പ്രദേശം സന്ദര്‍ശിച്ചിരുന്നു. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ മനുഷ്യാവകാശ ലംഘനമായി കണ്ട് സര്‍ക്കാരിനെതിരേ ഉത്തരവ് പുറപ്പെടുവിക്കുമെന്നും പ്രസ്താവിച്ചിരുന്നു.
നൂറുകണക്കിനാളുകള്‍ പങ്കെടുത്ത കലക്ടറേറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് കെ സി വേണുഗോപാല്‍ എംപിയുടെ നിര്‍ദേശപ്രകാരം മുതലപൊഴിയും അതിന്റെ ശാഖകളുടെയും ആഴം വര്‍ധിപ്പിച്ചു ഇരുകരകളും സംരക്ഷണഭിത്തി നിര്‍മിക്കാനുള്ള എസ്റ്റിമേറ്റ് എടുക്കാന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. ഏഴുകോടി 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുത്തത്. ഇതില്‍ 60 ലക്ഷം രൂപ എംഎല്‍എയുടെ ഫണ്ടില്‍ നിന്നു നല്‍കാമെന്നു എംഎല്‍എ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ ആ പദ്ധതി ആരംഭിച്ചിട്ടില്ല.
കയര്‍- മല്‍സ്യത്തൊഴിലാളികളും കൂലിവേലക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശം എല്ലാവരാലും തഴയപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മാത്രമാണ് ജനപ്രതിനിധികള്‍ എത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ ആര്‍ ജേക്കബ്, അഗസ്റ്റിന്‍ ജി കുന്നേല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it