ernakulam local

വെളിച്ചെണ്ണ വ്യാപാരിയുടെ വീട് കൊള്ളയടിക്കാന്‍ ശ്രമം

മരട്: വെളിച്ചെണ്ണ വ്യാപാരിയുടെ വീട് കൊള്ളയടിക്കാന്‍ ശ്രമം. കണ്ണാടിക്കാട് അലക്‌സാണ്ടര്‍ പട്ടാരയുടെ വീട്ടില്‍ മോഷണം നടത്താന്‍ ആറംഗ സംഘം വീടിന്റെ ചുറ്റുമതില്‍ ചാടി കടന്ന് മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും പാഴായി. കഴിഞ്ഞ 13 ന് വെളുപ്പിനാണ് സംഭവം.
12.30 ഓടെ മതില്‍ ചാടി കടന്ന ആറംഗ സംഘം വീടിന്റെ അകത്ത് കടക്കാന്‍ കഠിനമായി ശ്രമിച്ചുവെങ്കിലും പരാജിതരായി മടങ്ങി. വീടിന്റെ പുറക് വശത്തെ വാതിലുകളും ജനലുകളും തുറക്കാന്‍ ശ്രമിക്കുകയും നടക്കാതെ വരികയും മുന്‍വശത്തെ വാതിലിന്റെ മുകളിലെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തു. എന്നാല്‍ ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുടമസ്ഥന്‍ ലൈറ്റ് ഓണ്‍ ചെയ്തതോട് കൂടി സംഘം ഓടിമറഞ്ഞു.
രാവിലെ എഴുന്നേറ്റ് നോക്കുമ്പോഴാണ് ചില്ലുകള്‍ തകര്‍ന്നത് കണ്ടത്. വീടിനു ചുറ്റും സ്ഥാപിച്ച നിരീക്ഷണ കാമറയുടെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വീട്ടുകാര്‍ ഞെട്ടി.
ആറുപേര്‍ ചേര്‍ന്ന് വീട് കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും വാതിലുകളും ജനലുകളും തുറക്കാന്‍ ശ്രമിക്കുന്നതും ഗ്ലാസ് തകര്‍ക്കുന്നതും ഓടി മറയുന്നതുമായ എല്ലാ ദൃശ്യങ്ങളും കാമറയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. അന്ന് രാവിലെ തന്നെ മരട് പോലിസെത്തി കാമറ ദൃശ്യങ്ങള്‍ കാണുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഈ സംഭവം വലിയ കാര്യമായി പോലിസ് കണ്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. ഇത് പുറത്ത് ആരോടും പറയരുതെന്ന് പോലിസ് തന്നോട് പറഞ്ഞുവെന്നും ഇദ്ദേഹം വളരെ ദുഃഖത്തോടെ പറഞ്ഞു. കാമറയില്‍ പതിഞ്ഞ കള്ളന്‍മാരില്‍ മൂന്നുപേരുടെ മുഖം വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്.
അറുപത്തി ഒമ്പത് കാരനായ അലക്‌സാണ്ടറും ഭാര്യ കുഞ്ഞമ്മയും പതിനൊന്ന് വര്‍ഷമായി ഇവിടെ താമസമാക്കിയിട്ട്. മൂന്ന് മക്കളില്‍ ആണ്‍മക്കളില്‍ ഒരാള്‍ ലണ്ടനിലും മറ്റൊരാള്‍ പനമ്പിള്ളി നഗറിലുമാണ് താമസം. ചെന്നൈയില്‍ താമസിക്കുന്ന മകള്‍ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.
പോലിസ് അധികൃതര്‍ ഇത്രയും വ്യക്തമായി തെളിവുകള്‍ ലഭിച്ചിട്ടും അനാസ്ഥ കാണിക്കുകയാണെന്നും വീട്ടുടമസ്ഥന്‍ ആരോപിച്ചു. ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഡയറക്ടറാണ് മുഹമ്മ സ്വദേശിയായ ഇദ്ദേഹം.
Next Story

RELATED STORIES

Share it