വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. പോലിസുമായുണ്ടായ ഉന്തുംതള്ളും ചെറിയതോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. ഇന്നലെ രാവിലെ ഏഴുമണിയോടെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള കവാടങ്ങള്‍ ഉപരോധിച്ചു. നോര്‍ത്ത് ഗേറ്റ് ഉപരോധിക്കാനെത്തിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ചെറിയതോതില്‍ ലാത്തിച്ചാര്‍ജ് നടത്തി. ഉപരോധത്തിനിടെ ബാരിക്കേഡ് തള്ളിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതും ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. പോലിസ് ഇവര്‍ക്കുനേരെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. ഉപരോധസമരം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി സി ഹംസ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഭൂരഹിതരുടെ സമരത്തോട് ഇനിയും യുഡിഎഫ് സര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കാനാണ് തീരുമാനമെങ്കില്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുമെന്ന് പി സി ഹംസ പറഞ്ഞു.
ജനാധിപത്യം അര്‍ഥപൂര്‍ണമാവണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങളിലും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കണം. എന്നാല്‍, രാജ്യത്തെ കുത്തകകള്‍ തഴച്ചുവളരുകയും ബഹുഭൂരിപക്ഷം വരുന്ന സാധാരണജനങ്ങള്‍ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലുമില്ലാതെ ദുരിതമനുഭവിക്കുകയും ചെയ്യുന്ന സ്ഥിതിയാണിപ്പോള്‍. ഭൂമിയേറ്റെടുക്കല്‍ നിയമം ഉള്‍പ്പെടെ കൂടുതല്‍ ഭൂരഹിതരെ സൃഷ്ടിക്കുന്ന നയനിലപാടുകളാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്ന ഗോഡ്‌സെയ്ക്കു വേണ്ടി സ്മാരകങ്ങളുണ്ടാക്കുന്ന ചിന്താഗതി പിന്തുടരുന്നവരാണ് ഈ ദേശവിരുദ്ധ ചിത്രീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ആദിവാസികളടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളെ ഇടതുവലത് മുന്നണികളും സംഘപരിവാര്‍ ശക്തികളും നിരന്തരം വഞ്ചിക്കുകയാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കെ അംബുജാക്ഷന്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അധ്യക്ഷനായി. തെന്നിലാപുരം രാധാകൃഷ്ണന്‍, പി എ അബ്ദുല്‍ ഹക്കീം, സുരേന്ദ്രന്‍ കരിപ്പുഴ, പ്രേമാ പിഷാരടി, കെ എ ഷെഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര, റസാഖ് പാലേരി, ശശി പന്തളം, പ്രഫ. പി ഇസ്മാഈല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it