kozhikode local

വെറ്ററിനറി ഡോക്ടര്‍മാരുടെ സമരം; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല

കോഴിക്കോട്: വെറ്ററിനറി ഡോക്ടര്‍മാരുടെ പണിമുടക്ക് തുടര്‍ച്ചയായ ആറാം ദിവസം പിന്നിടുമ്പോള്‍ മൃഗസംരക്ഷണ മേഖല കടുത്ത പ്രതിസന്ധിയിലായി.
പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് നിരവധി കന്നുകാലികള്‍, വളര്‍ത്തുപക്ഷികള്‍ എന്നിവ മരണപ്പെടുകയും ഉല്‍പ്പാദനക്ഷമത നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി, ന്യൂഇന്ത്യാ അഷ്വറന്‍സ് കമ്പനി, നാഷനല്‍ ഇന്‍ഷൂറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനി എന്നീ കമ്പനികളാണ് നിലവില്‍ കന്നുകാലികള്‍ക്കും പക്ഷികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നത്. ഇന്‍ഷൂറന്‍സ് കമ്പനികളുടെ നിബന്ധനകളില്‍ പറഞ്ഞ പ്രകാരം വെറ്ററിനറി ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി റിപോര്‍ട്ട് നല്‍കിയാല്‍ മാത്രമേ നഷ്ടപരിഹാരം കര്‍ഷകനു അനുവദിക്കുകയുള്ളൂ. വ്യാജ ചികില്‍സ മൂലം ഉല്‍പ്പാദനം നഷ്ടപ്പെട്ടാലും ഇന്‍ഷൂറന്‍സ് നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ലഭിക്കില്ല. വളരെ വ്യാപകമായി വ്യാജ ചികില്‍സ നടക്കുന്ന വിവരം ലഭിക്കുന്ന സ്ഥിതിക്ക് ഉല്‍പ്പാദനക്ഷമത നഷ്ടപ്പെട്ട് ഇന്‍ഷൂറന്‍സ് നഷ്ടപരിഹാരത്തിനായി കര്‍ഷകര്‍ക്ക് അപേക്ഷ നല്‍കാനാവില്ല.
പേവിഷബാധയേറ്റ് മരിക്കുന്നതും പാമ്പുകടി, പ്രകൃതിദുരന്തം, സൂര്യാഘാതം, അപകട മരണം മൂലം ദുരിതാശ്വാസഫണ്ടില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കാറുള്ള നഷ്ടപരിഹാരവും നഷ്ടപ്പെടും. ഗീത പോറ്റി കമ്മീഷന്‍ റിപോര്‍ട്ടില്‍ ശുപാര്‍ശകള്‍ ചെയ്തത് പ്രകാരം വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ ഡോക്ടര്‍മാരുടെ അതേ ശമ്പളം തന്നെ നല്‍കാനുള്ള സത്വരനടപടി പത്താം ശമ്പളകമ്മീഷന്‍ മുഖേന നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
Next Story

RELATED STORIES

Share it