kozhikode local

വെറ്ററിനറി ഡോക്ടര്‍മാരുടെ സമരം; ജനകീയാസൂത്രണ പദ്ധതി മുടങ്ങി; രോഗനിര്‍ണയ ലാബുകള്‍ നിലച്ചു

കോഴിക്കോട്: നാലുദിവസമായി തുടര്‍ന്നുവരുന്ന സമരം ശക്തിപ്പെടുത്താന്‍ വെറ്ററിനറി ഓഫിസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. ഗീതാ പോറ്റി കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരമുള്ള പരിഗണന ലഭിക്കാതെയും ശമ്പള പരിഷ്‌കരണത്തിലെ അനീതി തിരുത്താതെയും പണിമുടക്കില്‍ നിന്നും പിന്മാറുകയില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. പണിമുടക്ക് തുടരുന്ന സാഹചര്യത്തില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ നിര്‍വഹണം നടത്തുന്ന കോടികളുടെ പദ്ധതികളും പഞ്ചായത്തുകളിലെ വിവിധ പദ്ധതികളും മുടങ്ങി. 2016-17 ജനകീയാസൂത്രണ പദ്ധതികളുടെ പ്രൊജക്ട് രൂപീകരണവും പ്രൊജക്ട് അപ്‌ലോഡ് ചെയ്യലും ചെയ്യേണ്ടതില്ല എന്നും ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഗീതാ പോറ്റി കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നില്ലെങ്കില്‍ വികസന മേഖലയിലെ ജനകീയാസൂത്രണ പദ്ധതികളും വകുപ്പു പദ്ധതികളിലും കാര്യമായ സഹകരണം വെറ്ററിനറി ഡോക്ടര്‍മാര്‍ വരുംവര്‍ഷങ്ങളില്‍ നല്‍കില്ലെന്ന് സമരസമിതി കണ്‍വീനര്‍ ഡോ. കെ കെ ബേബി അറിയിച്ചു. പണിമുടക്കിനെതുടര്‍ന്ന് പക്ഷിപ്പനി, ആന്ത്രാക്‌സ്, കുളമ്പുരോഗം എന്നീ പകര്‍ച്ചവ്യാധി രോഗനിര്‍ണയ ലാബുകളുടെ പ്രവര്‍ത്തനവും നിലച്ചു. സംശയാസ്പദമായ സാഹചര്യത്തിലുള്ള സാമ്പിളുകളോ മറ്റോ ഈ ലാബുകളിലേക്കെത്തുന്നതും ഇല്ലാതായി. എവിടെയെങ്കിലും ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ പൊതുജനാരോഗ്യത്തിനും മൃഗസംരക്ഷണ മേഖലയ്ക്കും ഒരുപോലെ ഭീഷണിയാവും.
മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്കും പൊതുജനാരോഗ്യത്തിനും ഒരുപോലെ നഷ്ടം ഉണ്ടാക്കുന്ന രീതിയിലുള്ള പണിമുടക്ക് തുടരുന്ന സാഹചര്യത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുകയും ഗീതാ പോറ്റി കമ്മീഷന്‍ റിപോര്‍ട്ട് നടപ്പിലാക്കുകയും ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിച്ച മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി റസാഖ്, ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റിയംഗവും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ അഡ്വ. മുഹമ്മദ് റിയാസ് എന്നിവര്‍ ഉറപ്പ് നല്‍കി.
Next Story

RELATED STORIES

Share it