Life Style

വെന്റിലേറ്ററിലെ രക്തസാക്ഷി

എന്റെ രോഗി
ഡോ. ഫസല്‍ ഗഫൂര്‍


ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ വകവരുത്തുന്നതുപോലെ, ജീവിച്ചു കൊതിതീരാത്ത ജോസിന് പ്രാണവായു നല്‍കിയിരുന്ന സജ്ജീകരണങ്ങളെല്ലാം ഊരിമാറ്റപ്പെട്ടു. ശ്വാസോച്ഛ്വാസം നിലച്ചതോടെ ഹൃദയമിടിപ്പ് ഉയര്‍ന്ന് സാവധാനം കുറഞ്ഞുവന്നു. മരണത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിച്ചു- ജോസിന്റേത് വെറും രോഗം മൂലമുള്ള മരണമായിരുന്നില്ല, അത് രക്തസാക്ഷിത്വം തന്നെയായിരുന്നു

ഡോ. ഫസല്‍ ഗഫൂര്‍ജോസിനെ രക്തസാക്ഷി എന്നു വിളിക്കാനാണ് എനിക്കിഷ്ടം. ഏതെങ്കിലും ആശയത്തിനു വേണ്ടി പൊരുതി മരിച്ചതുകൊണ്ടല്ല, ജീവിക്കാനുള്ള ആഗ്രഹം കത്തിനില്‍ക്കുമ്പോള്‍ തന്നെ ചെറുപ്രായത്തില്‍ മരണത്തിലേക്കു തള്ളിയിടപ്പെട്ടതിന്റെ പേരിലാണത്. മാരകമായ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ബാധിച്ചു മരിച്ച രക്തസാക്ഷിയാണ് ജോസ്. ചുറ്റുപാടും നടക്കുന്നതെല്ലാം കാണാനും കേള്‍ക്കാനും കഴിയുമ്പോഴും മരണത്തിന്റെ കയങ്ങളിലേക്കു തള്ളിയിടപ്പെട്ട നിസ്സഹായനായ ചെറുപ്പക്കാരന്‍. കാലമേറെ കഴിഞ്ഞിട്ടും ജോസിന്റെ ദയനീയമുഖം മനസ്സില്‍നിന്നു മായാത്തതും അതുകൊണ്ടു തന്നെയാവാം.18 വര്‍ഷം മുമ്പ് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണ് ജോസ് എന്നെ കാണാന്‍ വന്നത്. സംസാരിക്കാന്‍ കഴിയാത്ത വിധം നാക്ക് തളര്‍ന്നുപോകുന്നതായിരുന്നു രോഗം. വിശദമായ പരിശോധനയില്‍ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന രോഗമാണെന്നു കണ്ടെത്തി. വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ് ഉള്‍പ്പെടെയുള്ള പല പ്രമുഖരെയും ബാധിച്ചിട്ടുള്ള രോഗമാണത്. പേശികളുടെ ബലം കുറഞ്ഞുകുറഞ്ഞു വരുന്ന ഈ രോഗം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കും. ജോസിന്റെ നാക്ക് സംസാരിക്കാനാവാത്ത വിധം തളര്‍ന്നതും ഈ രോഗം കാരണമായിരുന്നു.32കാരനായ ജോസിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. വലിയ സാമ്പത്തികസ്ഥിതിയൊന്നുമില്ലാത്ത കുടുംബം. വിദേശത്തുനിന്ന് എത്തിക്കുന്ന മരുന്നാണ് നല്‍കുന്നത്. അടുത്തകാലത്തായി ഈ മരുന്ന് ചില സന്നദ്ധസംഘടനകള്‍ സൗജന്യമായി നല്‍കുന്നുണ്ടെങ്കിലും തുടക്കത്തില്‍ വിലകൊടുത്തു തന്നെ വാങ്ങേണ്ടിയിരുന്നു. പൂര്‍ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത ഈ രോഗം പിടിപെട്ടാല്‍ ക്രമേണ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വരെ തടസ്സപ്പെടും. പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെ വേണം ജീവന്‍ നിലനിര്‍ത്താന്‍. ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്‌സ് പത്തു വര്‍ഷത്തോളമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. ജോസ് രോഗിയായി എന്നെ കാണാന്‍വന്ന കാലത്ത് വെന്റിലേറ്റര്‍ സൗകര്യം വന്‍കിട ആശുപത്രികളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ വീടുകളില്‍ സ്ഥാപിക്കാവുന്ന വെന്റിലേറ്ററുകള്‍ വരെയുണ്ട്.ആദ്യ സന്ദര്‍ശനത്തിനു ശേഷം വീണ്ടും ജോസ് കാണാനെത്തിയപ്പോള്‍ രോഗം വര്‍ധിക്കുന്ന അവസ്ഥയിലായിരുന്നു. അയാളുടെ അവയവങ്ങള്‍ ഓരോന്നായി രോഗത്തിനു കീഴ്‌പ്പെട്ടുകൊണ്ടിരുന്നു. അഞ്ചാം പ്രാവശ്യം ആശുപത്രിയിലെത്തിയ ജോസിന് ശ്വാസം കഴിക്കാന്‍പോലും പ്രയാസം നേരിട്ടിരുന്നു. ഉടന്‍ തന്നെ അയാളെ ഐ.സി.സി.യുവില്‍ വെന്റിലേറ്ററിലാക്കി. ജീവന്‍ നിലനിര്‍ത്താന്‍ ഇതു മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ഭാര്യയും രണ്ടു കുഞ്ഞുമക്കളും അധികസമയവും ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജോസിന്റെ ബന്ധുക്കള്‍ എന്നെ കാണാനെത്തി. ഒരാഴ്ച വെന്റിലേറ്ററില്‍ കിടന്നതിന് വലിയ ചാര്‍ജ് വന്നുവെന്നും വെന്റിലേറ്ററില്‍നിന്നു ജോസിനെ മാറ്റണമെന്നുമായിരുന്നു അവരുടെ ആവശ്യം. കൂടുതല്‍ക്കാലം വെന്റിലേറ്ററില്‍ കിടന്നാല്‍ ബില്ലടയ്ക്കാനുള്ള പണം ഇല്ലെന്നും അവര്‍ വാദിച്ചു. ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയാത്ത രോഗിയുടെ മൂക്കില്‍ നിന്ന് ഓക്‌സിജന്‍ പൈപ്പ് മാറ്റിയാല്‍ മരണമാണ് സംഭവിക്കുകയെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിയെങ്കിലും വെന്റിലേറ്റര്‍ ഒഴിവാക്കണമെന്ന നിര്‍ബന്ധത്തില്‍ ജോസിന്റെ ബന്ധുക്കള്‍ ഉറച്ചുതന്നെ നിന്നു. രോഗിയായ ജോസിന്റെയും അയാളുടെ ചെറുപ്പക്കാരിയായ ഭാര്യയുടെയും എല്ലായിപ്പോഴും ജോസിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കുഞ്ഞുമക്കളുടെയും മുഖം മനസ്സിലേക്കെത്തിയതോടെ ബന്ധുക്കളുടെ ഒരു ന്യായത്തിനും ചെവികൊടുക്കാതെ ആശുപത്രി അധികൃതര്‍ അവരെ തിരിച്ചയച്ചു.പക്ഷേ, ഒടുവില്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. മൂന്നാം ദിവസം പള്ളിയില്‍നിന്നും അച്ചനെയും കൂട്ടി അന്ത്യകൂദാശയ്ക്കു തയ്യാറായാണ് ജോസിന്റെ ബന്ധുക്കളെത്തിയത്. ജോസിനെ മരണക്കയത്തിലേക്കു തള്ളിയിടാനുള്ള എല്ലാ ഒരുക്കവുമായി. പൂര്‍ണ ബോധമുള്ള, കാഴ്ചയും കേള്‍വിയുമുള്ള ജോസിന്റെ സമീപത്തുനിന്ന് വെന്റിലേറ്ററില്‍ ഇനിയും കിടത്തുന്നതിന്റെ ചെലവിനെ കുറിച്ചും മൂക്കില്‍നിന്ന് ഓക്‌സിജന്‍ പൈപ്പ് എടുത്തുമാറ്റി ജോസിനെ മരിക്കാന്‍ അനുവദിക്കുന്നതിനെ കുറിച്ചും ബന്ധുക്കള്‍ വീണ്ടും സംസാരിച്ചു. അതിനായി അവര്‍ ശക്തമായി വാദിച്ചു. അപ്പോഴും അയാളുടെ അരികില്‍ ഭാര്യയും കുഞ്ഞുമക്കളുമുണ്ടായിരുന്നു, മരിക്കാന്‍ പോകുന്ന അച്ഛന്റെ മുഖത്തേക്കും ബന്ധുക്കളെയും മാറിമാറി നോക്കിക്കൊണ്ട്. ജോസും എല്ലാവരെയും കാണുകയും എല്ലാ സംസാരവും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ, നാക്ക് തളര്‍ന്നതിനാല്‍ അയാള്‍ക്ക് ആരോടും ഒന്നും മിണ്ടാനാകുമായിരുന്നില്ല. ഒന്നും ചെയ്യാനും കഴിയുമായിരുന്നില്ല. ഇനി ഒരു ദിവസം പോലും ജോസിനെ വെന്റിലേറ്ററില്‍ കിടത്താനുള്ള പണമില്ലെന്നും ഇപ്പോള്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം എല്ലാ എതിര്‍പ്പുകളുടെയും മുകളിലുയര്‍ന്നു. അറിഞ്ഞുകൊണ്ട് ഒരു രോഗിയെ മരണത്തിലേക്കു തള്ളിയിടുന്നതിന്റെ ധാര്‍മ്മികതയ്ക്ക് ജോസിന്റെ ബന്ധുക്കളുടെ മുന്നില്‍ ഒരു സ്ഥാനവും ഇല്ലായിരുന്നു. അങ്ങനെ ജീവിതത്തില്‍ ഇനിയും എത്രയോ വര്‍ഷങ്ങള്‍ ബാക്കിയുണ്ടാകുമായിരുന്ന ജോസിന്റെ മൂക്കില്‍നിന്നും ഓക്‌സിജന്‍ പൈപ്പ് എടുത്തുമാറ്റേണ്ടിവന്നു. ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ വകവരുത്തുന്നതുപോലെ, കുഞ്ഞുമക്കളുടെ മുന്നിലിട്ട് അച്ഛനെ കൊല്ലുന്നതുപോലെ, ജീവിച്ചു കൊതിതീരാത്ത ജോസിന് പ്രാണവായു നല്‍കിയിരുന്ന സജ്ജീകരണങ്ങളെല്ലാം ഊരിമാറ്റപ്പെട്ടു. ശ്വാസോച്ഛ്വാസം നിലച്ചതോടെ പ്രാണവായുവിനു വേണ്ടി ജോസ് കൈകാലിട്ടടിച്ചു. അതുവരെ പ്രാണവായു നല്‍കിയ പൈപ്പിലേക്ക് ആര്‍ത്തിയോടെ നോക്കി. കൂടി നിന്നവരുടെ മുഖത്തേക്കും. ജീവശ്വാസത്തിനുവേണ്ടി പിടഞ്ഞ ജോസിന്റെ ഹൃദയമിടിപ്പ് പെട്ടെന്ന് ഉയര്‍ന്ന് സാവധാനം കുറഞ്ഞുകുറഞ്ഞു വന്നു. ശരീരം മരണത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. ക്രമേണ ജീവന്റെ എല്ലാ തുടിപ്പുകളും ഇല്ലാതെയായി. ജോസിന്റെ ശരീരം അല്‍പ്പസമയത്തിനകം വെന്റിലേറ്ററിന്റെ പുറത്തേക്ക് കൊണ്ടുപോയി വെള്ളത്തുണികൊണ്ട് മൂടിപ്പുതച്ച് ആംബുലന്‍സിലേക്ക്.               ി


പ്രമുഖ ഭിഷഗ്വരനും പ്രഭാഷകനുമായ ഡോ. ഫസല്‍ ഗഫൂര്‍ എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റാണ്
Next Story

RELATED STORIES

Share it