World

വെനിസ്വേല: മദ്യുറോയെ പുറത്താക്കാന്‍ നടപടി ആരംഭിച്ചു

കാരക്കസ്: വെനിസ്വേലയില്‍ നിക്കോളസ് മദ്യുറോയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു തിരിച്ചുവിളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
തിരിച്ചുവിളിക്കുന്നതു സംബന്ധിച്ച് വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് 13 ലക്ഷത്തോളം പേര്‍ ഒപ്പുവച്ച ഹരജി വെനിസ്വേലന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. മദ്യുറോയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജ്യത്തെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും പണപ്പെരുപ്പത്തിലേക്കും നയിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭയെ മറിച്ചിടുന്നതിലേക്ക് നടപടി നയിച്ചേക്കും. 18 ലക്ഷത്തോളം പേര്‍ ഒപ്പുവച്ച് നേരത്തേ സമര്‍പ്പിച്ച ഹരജി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയെങ്കിലും പുതിയ ഹരജി സ്വീകരിക്കുകയായിരുന്നു. തിരിച്ചുവിളിക്കുന്നതിനുള്ള നീണ്ട നടപടികളുടെ രണ്ടാംഘട്ടമായി ഹരജിയില്‍ ഒപ്പുവച്ച രണ്ടു ലക്ഷത്തോളം പേര്‍ അവരുടെ വിരലടയാളമടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണം.
ജൂണ്‍16നും 20നുമിടയ്ക്ക് ഈ ദൗത്യം പൂര്‍ത്തിയാവുമെന്ന് പ്രതിപക്ഷ പ്രതിനിധി വിസെന്റ് ബെല്ലോ അറിയിച്ചു. തിരിച്ചുവിളിക്കുന്നതു സംബന്ധിച്ച് ഹിതപരിശോധന സപ്തംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ഉണ്ടാവുമെന്നും ബെല്ലോ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ 70 ശതമാനത്തോളം പേരും ആഗ്രഹിക്കുന്നത് മദ്യുറോയെ തിരിച്ചുവിളിക്കണമെന്നാണെന്നാണ് അഭിപ്രായസര്‍വേ കാണിക്കുന്നത്. മദ്യുറോ തിരിച്ചുവിളിക്കപ്പെടുകയാണെങ്കില്‍ വൈസ് പ്രസിഡന്റിനെ അധികാരമേല്‍പ്പിക്കുന്നതിനേക്കാള്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനാണു സാധ്യത. ജനുവരി 10നുള്ളില്‍ ഹിതപരിശോധന നടത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അതേസമയം, ഈ വര്‍ഷം ഹിതപരിശോധന ഉണ്ടാവില്ലെന്ന് വൈസ് പ്രസിഡന്റ് അരിസ്റ്റോബുലോ ഇസ്തുരിസ് അറിയിച്ചു. ഒപ്പുവിഷയത്തില്‍ പ്രതിപക്ഷം തട്ടിപ്പു നടത്തിയതായി മദ്യുറോ അനുയായികള്‍ ആരോപിക്കുന്നു. ലോകത്തിലെ പ്രധാന എണ്ണ ഉല്‍പാദക രാജ്യമായ വെനിസ്വേല എണ്ണവില താഴ്ന്നതിനെത്തുടര്‍ന്ന,് സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
Next Story

RELATED STORIES

Share it