wayanad local

വെടിയേറ്റ് കാട്ടാന ചരിഞ്ഞ സംഭവം പഴുതടച്ച അന്വേഷണവുമായി വനംവകുപ്പ്

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ അജ്ഞാതരുടെ വെടിയേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പ് നടത്തുന്നത് പഴുതടച്ച അന്വേഷണം. 15 വയസ്സ് മതിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി സംസ്ഥാന പാത കടന്നുപോവുന്ന കുറിച്യാട് റേഞ്ചില്‍പ്പെടുന്ന നാലാംമൈലിലാണ് വെടിയേറ്റ് ചരിഞ്ഞ നിലയില്‍ ആനയെ കണ്ടെത്തിയത്.
മൂന്നു സ്‌പെഷ്യല്‍ ടീമുകളെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജിത് കെ രാമന്‍, സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൃഷ്ണദാസ്, ഡോ. ജിജിമോന്‍ അടങ്ങുന്ന ഫോറന്‍സിക് ടീം എന്നിങ്ങനെ മൂന്നു ടീമുകളെ നിയോഗിച്ചാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. അര്‍ധരാത്രിയിലാണ് ആനയ്ക്ക് വെടിയേറ്റതെന്ന നിഗമനത്തിലാണ് വനംവകുപ്പ്. 11.15ഓടെ പ്രദേശത്ത് വെടിയൊച്ച കേട്ടതായും പറയുന്നുണ്ട്.
ഈ സമയത്ത് ചെക്‌പോസ്റ്റ് വഴി കടന്നുപോയ വാഹനങ്ങളുടെ നമ്പര്‍ പരിശോധിച്ചുവരികയാണ്. ഇങ്ങനെ പ്രതിയെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. എന്നാല്‍, ചെക്‌പോസ്റ്റ് വഴിയല്ലാതെയും ആനയെ വെടിവച്ചിടത്തേക്ക് എത്താന്‍ കഴിയുമെന്നത് ആശയക്കുഴപ്പത്തിനിടയാക്കുന്നു.
ആനയെ വെടിവച്ചവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 25,000 രൂപയാണ് സമ്മാനം. വിവരം കൈമാറുന്ന ആളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡില്‍ കുപ്പാടി ചെക്‌പോസ്റ്റില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി ഇന്നലെ പുലര്‍ച്ചെയാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. പുലര്‍ച്ചെ ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് കൈകാല്‍ മുട്ടുകള്‍ നിലത്ത് കുത്തി തുമ്പിക്കൈ നീട്ടിവച്ച നിലയില്‍ ജഡം കണ്ടത്.
തുടര്‍ന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. തലയില്‍ ഇടതു കണ്ണിന് സമീപമാണ് വെടിയേറ്റത്. സംസ്ഥാന പാതയില്‍ നിന്നു മൂന്നു മീറ്റര്‍ മാത്രം മാറിയാണ് ആന വെടിയേറ്റ് ചരിഞ്ഞത്. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്.
എന്തിനാവാം ആനയെ കൊന്നത്...?
ആനയെ വെടിവച്ചു കൊന്നതിന് പിന്നിലെ ലക്ഷ്യമെന്തായിരിക്കുമെന്നതു സംബന്ധിച്ച് വനംവകുപ്പ് എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ പലതാണ്.
ഈ വഴിക്ക് രാത്രി കാലങ്ങളില്‍ എപ്പോഴും കാട്ടാനയുണ്ടാവാറുണ്ട്. എന്നാല്‍, ആരെയും ഉപദ്രവിച്ചാതായി ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുമില്ല.
പിടിയാനയെയാണ് വെടിവച്ച് കൊന്നിരിക്കുന്നത്. കൊമ്പനായിരുന്നെങ്കില്‍ കൊമ്പിനു വേണ്ടിയായിരിക്കാം വെടിയുതിര്‍ത്തതെന്ന് അനുമാനിക്കാം. ഒന്നുകില്‍ ക്രൂരമായ വിനോദം, അല്ലങ്കില്‍ സ്ഥിരം ശല്യക്കാരനായ ആനയെ ഒഴിവാക്കാന്‍ വേണ്ടിയുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗം.
അതുമല്ലെങ്കില്‍ ക്വാറി മാഫിയോടും വനംകൊള്ളക്കാരോടും മറ്റും കര്‍ശന നിലപാടെടുക്കുന്ന വയനാട് വന്യജീവി സങ്കേതം വാര്‍ഡന്‍ പി ധനേഷ് കുമാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം. നിഗമനങ്ങള്‍ ഇങ്ങനെയൊക്കെയാണങ്കിലും ആന സംസ്ഥാന പാതയോരത്ത് വെടിയേറ്റ് ചരിഞ്ഞത് വരും ദിവസങ്ങളില്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചേക്കും.
സംശയമുനകള്‍ റിസോര്‍ട്ട് മാഫിയകളിലേക്കും
സുല്‍ത്താന്‍ ബത്തേരി: കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം പ്രദേശത്തെ റിസോര്‍ട്ട് മാഫിയകളിലേക്കും നീളുന്നു. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കിയ സൂചനകള്‍ ഇവയാണ്: രാത്രി 12ഓടെ വനപാലകര്‍ ഇതുവഴി പട്രോളിങ് നടത്തിയിരുന്നു.
ഈ സമയം ചരിഞ്ഞ ആനയടക്കം രണ്ട് ആനകള്‍ റോഡരികില്‍ വനത്തോട് ചേര്‍ന്നുണ്ടായിരുന്നു. പുലര്‍ച്ചെ അഞ്ചോടെയാണ് ആനയുടെ ജഡം കണ്ടെത്തിയ വിവരം അറിയുന്നത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങിയപ്പോഴോ യാത്രക്കാരെ ഉപദ്രവിക്കുമ്പോഴോ അല്ല ആനയ്ക്ക് വെടിയേറ്റത്. പിടിയാന ആയതുകൊണ്ടുതന്നെ ആനവേട്ടക്കാരുമല്ല.
ഇതു പരിഗണിക്കുമ്പോഴാണ് മറ്റ് നിഗമനങ്ങളിലേക്ക് വനപാലകര്‍ എത്തുന്നത്. ഏതാനും മാസങ്ങളായി സമീപത്തെ ചില മാഫിയകളുമായി വനപാലകര്‍ പോരാട്ടത്തിലാണ്. വനത്തോട് ചേര്‍ന്നുള്ള റിസോര്‍ട്ട് ഉടമകളാണ് ഇതില്‍ മുന്നില്‍. നിയമം ലംഘിച്ച് വനത്തോട് ചേര്‍ന്ന് റിസോര്‍ട്ട് നിര്‍മിക്കാനുള്ള നീക്കം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വനപാലകര്‍ക്കെതിരേ നിരന്തരം ഭീഷണികളുയര്‍ന്നു. ചില രാഷ്ട്രീയ നേതാക്കളെ കൂട്ടുപിടിച്ച് വാര്‍ഡനെ മാറ്റാനുള്ള നീക്കവും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്ന ദിവസം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാറിനെ സ്ഥലംമാറ്റിയതായി ഉത്തരവിറക്കുകയും ചെയ്തു.
കനത്ത പ്രതിഷേധമാണ് ഇതിനെതിരേ ഉയര്‍ന്നത്. ധനേഷ്‌കുമാറിന് തന്നെയാണ് ഇപ്പോഴും ചുമതല. സ്ഥലംമാറ്റാനുള്ള നീക്കം പൂര്‍ണമായി വിജയം കാണാതിരിക്കുന്ന സാഹചര്യത്തലാണ് വനംവകുപ്പിന് തിരിച്ചടിയാവുന്ന കാട്ടാനയെ വെടിവച്ച് കൊന്ന സംഭവം ഉണ്ടായിരിക്കുന്നത്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് കാട്ടാനയ്‌ക്കെതിരേ വെടിയുതിര്‍ത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it