kannur local

വെടിയേറ്റു മരണം: ഞെട്ടല്‍ മാറാതെ തലശ്ശേരി

തലശ്ശേരി: രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുള്ള മൃഗീയ കൊലപാതകങ്ങളും തലശ്ശേരി നഗരത്തിന് പുതുമയുള്ള അനുഭവമല്ല. എന്നാല്‍, ഇന്നലെ ബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ചത് തലശ്ശേരിയെ ഭയാശങ്കയിലാഴ്ത്തി. തലശ്ശേരി നഗരം അക്ഷരാര്‍ഥത്തില്‍ ഇന്നലെ രാവിലെ വിറങ്ങലിച്ചു.
വെടിയേറ്റ് ഒരു സ്ത്രീ, അതും ബാങ്കിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്നും വെടിയുണ്ടയേറ്റ് തലയുടെ ഒരു ഭാഗം ചിതറി മരിക്കുക. പുതുതലമുറ ബാങ്ക് ഐഡിബിഐയിലെ ജീവനക്കാരി വില്‍നയുടെ ദാരുണ മരണം സ്ഥാപനത്തിലെ ജീവനക്കാരെ മാത്രമല്ല നഗരത്തെയും ഞെട്ടിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വില്‍ന പുതുതലമുറ ബാങ്കിന്റെ തലശ്ശേരി ശാഖയില്‍ ജീവനക്കാരിയായി പ്രവേശിച്ചത്. ഭര്‍ത്താവ് സംഗീതിനൊപ്പം വില്‍ന മുംബൈയില്‍ നിന്നും നാട്ടിലെത്തിയിട്ട് അധികമായിട്ടില്ല. വ്യാഴാഴ്ച രാവിലെ പുന്നോലിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പതിവു പോലെ ജോലിക്കെത്തിയതായിരുന്നു വില്‍ന.
സ്ഥാപനത്തിലെ മറ്റ് രണ്ട് വനിത ജീവനക്കാര്‍ക്കൊപ്പം ബാങ്ക് ലോക്കറിന്റെ സമീപത്ത് ഇരിക്കവേയാണ് ലോഡ് ചെയ്ത ഡബിള്‍ ബാരല്‍ തോക്കില്‍ നിന്നും വെടിയുണ്ട വില്‍നയുടെ തലയിലേക്ക് തുളച്ചു കയറിയത്. അസഹ്യ വേദനയാല്‍ ഒന്നു നിലവളിക്കാന്‍ പോലുമാവാതെ രക്തം പുരണ്ട് തല ചിതറി നിലത്ത് പിടഞ്ഞു വീഴുകയായിരുന്നു. വില്‍നയുടെ ജീവനെടുത്ത ദുരന്തം കണ്‍മുന്നില്‍ കണ്ട സഹപ്രവര്‍ത്തക രജിഷ എന്താണ് സംഭവച്ചതെന്നു പോലും അപ്പോള്‍ അറിഞ്ഞില്ല. മറ്റ് ജീവനക്കാര്‍ എന്താണ് സംഭവിച്ചതെന്നറിയാതെ സ്തംബ്ദരായി.
തന്റെ തോക്കില്‍ നിന്നും ഉതിര്‍ന്ന വെടിയുണ്ടയാണ് വില്‍നയുടെ ജീവന്‍ അപഹരിച്ചതെന്ന് വിശ്വസിക്കാനാവാതെ നിര്‍വികാരനായി സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഹരീന്ദ്രനും. തലശ്ശേരിയിലെ ആദ്യത്തെ വെടിയേറ്റുള്ള മരണം വിശ്വസിക്കാനാവാതെ നഗരവും. സംഭവം പുറത്തറിഞ്ഞതോടെ ബാങ്ക് പരിസരത്തേക്ക് ഇരച്ചെത്തിയ ജനപ്രവാഹം നഗരം ഞെട്ടിയതിന്റെ നേര്‍ ചിത്രവുമായി.
തലശ്ശേരി കടപ്പുറത്ത് സാമ്രാജ്യ വിരുദ്ധ സമരത്തിന്റെ ഭാഗമായി ജവഹര്‍ഘട്ടില്‍ അബുവും ചാത്തുക്കുട്ടിയും വെടിയേറ്റ് മരിച്ചതാണ് തലശ്ശേരിയിലെ ആദ്യ വെടിയേറ്റുള്ള മരണം.—
Next Story

RELATED STORIES

Share it