വെടിയുണ്ടയുമായി മലേസ്യന്‍ പോലിസുകാരന്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി: ഹണിമൂണ്‍ ആഘോഷിക്കാന്‍ കേരളത്തിലെത്തിയ മലേസ്യന്‍ പോലിസുകാരനെ വെടിയുണ്ടയുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. മലേസ്യ ജോഹര്‍ ജലന്തിക സ്വദേശി മുകുന്ദ(31)നാണ് മലേസ്യയിലേക്കു പോവാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഭാര്യയുമൊത്ത് കഴിഞ്ഞ 23നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കേരളത്തില്‍ എത്തിയത്.
വിനോദസഞ്ചാരത്തിനായി മൂന്നാര്‍, കുമരകം, ഊട്ടി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി മലേസ്യയിലേക്ക് തിരിച്ചുപോവുന്നതിനായി എത്തിയപ്പോഴാണ് വെടിയുണ്ടകളുമായി എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. മിലാന്‍ഡോ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ക്വാലാലംപൂരിലേക്കു പോവാനായി എത്തിയ മുകുന്ദന്റെ ലഗേജ് പരിശോധിക്കുന്നതിനിടെയാണ് വെടിയുണ്ട കണ്ടെത്തിയത്. തുടര്‍ന്ന് മുകുന്ദനെ നെടുമ്പാശ്ശേരി പോലിസിനു കൈമാറി. പിന്നീട് നെടുമ്പാശ്ശേരി പോലിസ് അങ്കമാലി കോടതിയില്‍ ഹാജരാക്കി. തോക്ക് ഉപയോഗിക്കുന്നതിന് മലേഷ്യന്‍ സര്‍ക്കാരിന്റെ ലൈസന്‍സ് ഉണ്ടെന്നും ഇന്ത്യയില്‍ വിമാനത്തിലും അല്ലാതെയും അനുവാദം ഇല്ലാതെ തോക്ക് കൊണ്ടുനടക്കുന്നത് ശിക്ഷാര്‍ഹമാണന്ന് അറിയില്ലായിരുന്നുവെന്നും മുകുന്ദന്‍ പോലിസിന് മൊഴിനല്‍കി. ഇയാളുടെ ഭാര്യയെ അതേ വിമാനത്തില്‍ നാട്ടിലേക്കയച്ചു.
Next Story

RELATED STORIES

Share it