വെടിനിര്‍ത്തല്‍ കാലയളവില്‍ സിറിയയില്‍ കൊല്ലപ്പെട്ടത് 135 പേര്‍

ദമസ്‌കസ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ വെടിനിര്‍ത്തല്‍ ധാരണ പ്രാബല്യത്തില്‍ വന്ന് ഒരാഴ്ച പിന്നിടുന്നതിനിടെ 135 പേര്‍ കൊല്ലപ്പെട്ടെന്നു സിറിയന്‍ യുദ്ധ നിരീക്ഷക സംഘടന വ്യക്തമാക്കി. വ്യോമാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമാണ് മിക്കവരും കൊല്ലപ്പെട്ടതെന്നു ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടന വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ പരിധിയില്‍ ഉള്‍പ്പെടുന്ന മേഖലയില്‍നിന്നുള്ള കണക്കാണിത്. 45 വിമത ഇസ്‌ലാമിക പോരാളികളും ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 32 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ, അസദ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സിറിയന്‍ സൈന്യത്തിലെ 25 പേരും സിറിയന്‍ കുര്‍ദ് സേനയിലെ 27 പേരും ഫെബ്രുവരി 27നും മാര്‍ച്ച് അഞ്ചിനും ഇടയില്‍ മരണത്തിന് കീഴടങ്ങി. വെടിനിര്‍ത്തല്‍ പരിധിയില്‍ വരാത്ത മേഖലകളില്‍ ഫെബ്രുവരിയില്‍ മാത്രം 27,552 പേരാണ് മരിച്ചത്. അഞ്ചു വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങൡ രാജ്യത്ത് ഇതുവരെ 2,70,000 പേര്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പേര്‍ വഴിയാധാരമാവുകയും ചെയ്തിട്ടുണ്ട്. വെടിനിര്‍ത്തലിനിടെ നിരവധി മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മരണത്തിന്റെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കൂടാതെ, ഉപരോധവും മറ്റും മൂലം ദുരിതമനുഭവിക്കുന്ന സിറിയന്‍ ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കുമുള്ള സഹായ വിതരണം വ്യാപിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it