Kerala

വെടിക്കെട്ട് ദുരന്തം :  കലക്ടറെയും എഡിഎമ്മിനെയും ഭീഷണിപ്പെടുത്തിയത് വര്‍ഗീയ കാര്‍ഡിലൂടെ

വെടിക്കെട്ട് ദുരന്തം :  കലക്ടറെയും എഡിഎമ്മിനെയും  ഭീഷണിപ്പെടുത്തിയത് വര്‍ഗീയ കാര്‍ഡിലൂടെ
X
kollam-4

[related]

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതി നല്‍കാന്‍ കലക്ടറെയും എഡിഎമ്മിനെയും സമ്മര്‍ദ്ദം ചെലുത്തിയവരില്‍ രാഷ്ട്രീയ നേതാക്കളും ഹൈന്ദവ സംഘടനകളും. അന്വേഷണത്തില്‍, വേണ്ടത്ര സുരക്ഷയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ജില്ലാ കലക്ടര്‍ എ ഷൈനമോളും എഡിഎം എ ഷാനവാസും വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.
ഇവരുടെ ഉത്തരവു ലംഘിച്ച് ക്ഷേത്രം അധികൃതര്‍ നിയമവിരുദ്ധമായി വെടിക്കെട്ടിനു നടത്തിയ നീക്കങ്ങള്‍ക്ക് തിരഞ്ഞെടുപ്പു മുന്നില്‍കണ്ട് രാഷ്ട്രീയ നേതാക്കളും പിന്തുണ നല്‍കുകയായിരുന്നു. മുസ്‌ലിംകളായ കലക്ടറുടെയും എഡിഎമ്മിന്റെയും നടപടിക്കു പിന്നില്‍ വര്‍ഗീയലക്ഷ്യമാണെന്ന് രാഷ്ട്രീയ നേതാക്കളും ഹൈന്ദവ സംഘടനകളും ഭീഷണിപ്പെടുത്തിയെന്ന് സെക്രട്ടേറിയറ്റിലെയും കൊല്ലം കലക്ടറേറ്റിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിരോധനമുള്ളതിനാല്‍ ശനിയാഴ്ച ഉച്ചയ്ക്കു ശേഷം വരെ വെടിക്കെട്ടിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. വൈകീട്ടാണ് ക്ഷേത്രം ഭാരവാഹികള്‍ വെടിക്കെട്ടു നടക്കുമെന്നു തീര്‍ത്തുപറഞ്ഞത്.
മല്‍സര വെടിക്കെട്ടിനാണ് നിരോധനമുള്ളതെന്ന് കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ് പറഞ്ഞു. മതചടങ്ങാണെന്നാണ് സംഘാടകര്‍ പറഞ്ഞത്. രേഖാമൂലമുള്ള അനുമതിപത്രം കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാവാതെ അവര്‍ വെടിക്കെട്ടു തുടങ്ങുകയായിരുന്നുവെന്നും കമ്മീഷണര്‍ അറിയിച്ചു. തഹസില്‍ദാര്‍, പോലിസ്, അഗ്നിശമന സേന എന്നിവരില്‍ നിന്ന് റിപോര്‍ട്ട് തേടിയ ശേഷമാണ് എഡിഎം ഷാനവാസ് രണ്ട് വിഭാഗത്തിന്റെ മല്‍സരത്തിന്റെ ഭാഗമാണ് വെടിക്കെട്ടെന്നു ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ച് വെള്ളിയാഴ്ച ഉത്തരവിറക്കിയത്.
ഉത്തരവു ലംഘിക്കുന്നവര്‍ക്കെതിരേ എക്‌സ്‌പ്ലോസീവ് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ക്ഷേത്രപരിസരത്തു താമസിക്കുന്ന പങ്കജാക്ഷി, മുന്‍ വര്‍ഷങ്ങളിലെ വെടിക്കെട്ടില്‍ തന്റെ വീടിനു കേടുപാടുകള്‍ സംഭവിച്ചിരുന്നുവെന്നു കാണിച്ച് നല്‍കിയ പരാതി കൂടി പരിഗണിച്ചായിരുന്നു നിരോധനം. കൊല്ലം എസ്പി, എസിപി എന്നിവര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് കൈമാറിയ എഡിഎം ക്ഷേത്രാധികൃതര്‍ ഉത്തരവു ലംഘിച്ചാല്‍ നടപടി സ്വീകരിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. വില്ലേജ് ഓഫിസ്, അഗ്നിശമന സേനാ വിഭാഗം, പരിസ്ഥിതി വകുപ്പ് എന്നിവര്‍ക്കും ഉത്തരവു സംബന്ധിച്ച വിവരം കൈമാറിയിരുന്നു.
എഡിഎമ്മിന്റെ നിര്‍ദേശപ്രകാരം വിഷയം കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിയുടെയും സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കലക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരവ് ഇറങ്ങിയതോടെ കലക്ടര്‍ ഷൈനമോള്‍ക്കും സമ്മര്‍ദ്ദമുണ്ടായി. നിലപാടു മാറ്റണമെന്ന് ആവശ്യപ്പെട്ട് കലക്ടറെ ഫോണില്‍ വിളിച്ച ജില്ലക്കാരനായ മന്ത്രി ഇതര മതസ്ഥരുടെ വികാരം വ്രണപ്പെടുത്തണമോ എന്നു ചോദിച്ചു. ചില ഹൈന്ദവ സംഘടനകള്‍ വിഷയം സര്‍ക്കാരിനെതിരേ ഉപയോഗിക്കുക കൂടി ചെയ്തതോടെ നിരോധനം മറികടന്ന് വെടിക്കെട്ടു നടത്താന്‍ രാഷ്ട്രീയനേതാക്കളും പോലിസും തീരുമാനിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, കലക്ടറെ വിളിച്ച കാര്യം സമ്മതിച്ച തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ നിരോധന ഉത്തരവു പിന്‍വലിക്കാ ന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നു പ്രതികരിച്ചു.
നിയമം നടപ്പാക്കുമ്പോള്‍ വര്‍ഗീയ ആരോപണങ്ങള്‍ കാര്യമാക്കാറില്ലെന്ന് എഡിഎം എ ഷാനവാസ് പറഞ്ഞു. എന്ത് ആരോപണങ്ങള്‍ ഉണ്ടായാലും വിഷയമാക്കുന്നില്ലെന്നും ഇതുസംബന്ധിച്ച് ഒന്നും വെളിപ്പെടുത്തുന്നില്ലെന്നും കലക്ടര്‍ പ്രതികരിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്ന സ്ഥലത്ത് പോലിസ് നടപടി മറ്റു പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും ഇക്കാര്യം കൂടി പരിഗണിച്ചിട്ടുണ്ടെന്നും പോലിസിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it