വെടിക്കെട്ട് അപകടം: പോലിസ് നടപടി വിവാദത്തില്‍

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: രാജ്യത്തെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് പോലിസ് പ്രതിക്കൂട്ടില്‍. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച വെടിക്കെട്ട് നടത്താന്‍ പോലിസ് സാഹചര്യമൊരുക്കിയതിനുള്ള തെളിവുകള്‍ പുറത്തുവന്നു. കരിമരുന്ന് പ്രയോഗത്തിന് അനുമതി നല്‍കരുതെന്നു റിപോര്‍ട്ട് നല്‍കിയ പോലിസ്, രണ്ടുദിവസത്തിനുശേഷം അതു തിരുത്തി. ഇതിനു പോലിസിനുമേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായെന്നാണു സൂചന.
സ്ഥലപരിമിതി കണക്കിലെടുത്ത് ക്ഷേത്രപരിസരത്ത് മല്‍സര വെടിക്കെട്ടിന് അനുമതി നല്‍കരുതെന്നായിരുന്നു ആദ്യ റിപോര്‍ട്ടില്‍. ഇതുപ്രകാരം അനുമതി നിഷേധിച്ചു. എന്നാല്‍, തികച്ചും നാടകീയമായി, വെടിക്കെട്ട് അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന മറ്റൊരു റിപോര്‍ട്ട് രണ്ടു ദിവസത്തിനകം പോലിസ് നല്‍കുകയായിരുന്നു. ഇതേക്കുറിച്ച് വിശദീകരണം തേടിയതായും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പാക്കുന്നതില്‍ പോലിസ് അനാസ്ഥകാട്ടിയെന്നും കലക്ടര്‍ എ ഷൈനമോള്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 23നാണ് പുറ്റിങ്ങല്‍ ദേവസ്വം മാനേജിങ് കമ്മിറ്റി സെക്രട്ടറി ജെ കൃഷ്ണന്‍കുട്ടിപ്പിള്ള കരിമരുന്ന് പ്രയോഗത്തിന് അനുമതി തേടി അപേക്ഷ നല്‍കിയത്. മാര്‍ച്ച് 26ന് കൊല്ലം തഹസില്‍ദാരും ഏപ്രില്‍ ആറിന് ജില്ലാ പോലിസ് മേധാവിയും കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി. 60 മീറ്റര്‍ ചുറ്റളവില്‍ 11 വീടുകള്‍ സ്ഥിതിചെയ്യുന്നതിനാല്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ വെടിമരുന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി അനുമതി നല്‍കാവുന്നതാണെന്ന് തഹസില്‍ദാരുടെ റിപോര്‍ട്ടിലുണ്ട്. അഡീഷനല്‍ ഡിവിഷനല്‍ ഫയര്‍ ഓഫിസറും എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറും സമര്‍പ്പിച്ച റിപോര്‍ട്ടിലും നിബന്ധനകള്‍ക്കു വിധേയമായി അനുമതി നല്‍കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ടില്‍ മല്‍സര വെടിക്കെട്ടിന് അനുമതി നല്‍കേണ്ടെന്നായിരുന്നു നിര്‍ദേശം. ഇതു കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം ഏപ്രില്‍ ആറിന് കരിമരുന്ന് പ്രയോഗത്തിന് അനുമതി നിഷേധിച്ചത്. ഇതു ലംഘിച്ച് വെടിക്കെട്ട് നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും എഡിഎം മുഖേന നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വെടിക്കെട്ട് അനുവദിക്കുന്നതില്‍ തെറ്റില്ലെന്നു കാട്ടി വെടിക്കെട്ടു നടക്കുന്ന തലേന്ന് പോലിസ് മറ്റൊരു റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇതാണ് വിവാദമായിരിക്കുന്നത്.
Next Story

RELATED STORIES

Share it