thrissur local

വെടിക്കെട്ട് അപകടം തുടര്‍ക്കഥയാവുന്നു; നടപടിയെടുക്കാതെ സര്‍ക്കാര്‍

മരട്: വെട്ടിക്കെട്ട് അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാവുന്നു. പടക്കശാലകള്‍ പൊട്ടിത്തെറിച്ചും വെടിക്കെട്ട് പുരകള്‍ക്ക് തീപ്പിടിച്ചും വെടിക്കെട്ട് നടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളും കേരളത്തില്‍ പതിവാകുമ്പോഴും ഇത് തടയുന്നതിനുള്ള നടപടിക്രമങ്ങള്‍മേല്‍ അധികൃതര്‍ കണ്ണടക്കുകയാണ് ചെയ്യുന്നത്. ഓരോ അപകടങ്ങളുണ്ടാവുമ്പോഴും മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുകള്‍ക്ക് ആശ്വാസധനം പ്രഖ്യാപിക്കല്‍ മാത്രമാണ് നടക്കുന്നത്.
ഇന്നലെ മരട് ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വെടിക്കെട്ട് പുരയ്ക്ക് തീപ്പിടിച്ച് ഒരാള്‍ മരിക്കുകയും മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും സമീപത്തെ നിരവധി വീടുകള്‍ക്കും മറ്റും കേടുപാട് സംഭവിക്കുകയും ചെയ്തു. അപകടത്തിനിടയാക്കിയ വെടിക്കെട്ട് പുരയ്ക്ക് ലൈസന്‍സില്ലാതിരുന്നു എന്നുള്ളതാണ് സത്യാവസ്ഥ. വെടിക്കെട്ട് നടത്തുമ്പോള്‍ വേണ്ട സുരക്ഷ സംവിധാനങ്ങള്‍ ബന്ധപ്പെട്ടവര്‍ പാലിക്കാറില്ല.
ലൈസന്‍സില്ലാത്തവര്‍ക്ക് വെടിക്കെട്ടിന് കരാര്‍ നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കാറുമില്ല. വെടിക്കെട്ട് നടക്കുന്ന മിക്കയിടത്തും മിക്കവാറും ചെറിയ തോതിലെങ്കിലും അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. റോഡിന് സമീപങ്ങളിലും ചുറ്റിനും വീടുകളുള്ള പ്രദേശങ്ങളിലുമൊക്കെയായിട്ടാണ് വെടിക്കെട്ടുകള്‍ നടത്തുന്നത്. ഇത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. വെടിക്കെട്ട് കല ശാസ്ത്രീയമായും കലാപരമായും വികസിപ്പിക്കാനും അത് വഴി സുരക്ഷിതമായി ആ കലയിലേര്‍പ്പെടാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ഓരോ പ്രദേശങ്ങളിലും അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ സര്‍ക്കാരിനു തന്നെ അടിസ്ഥാന സൗകര്യമൊരുക്കാവുന്നതാണ്. അപകടങ്ങള്‍ ഉണ്ടാകാത്ത രീതിയിലായിരിക്കണം സൗകര്യമൊരുക്കേണ്ടത്.
അഥവാ ഉണ്ടായാല്‍ തന്നെ ഉടനടി നിര്‍വീര്യമാക്കാനുള്ള സംവിധാനങ്ങളും ഉണ്ടാക്കണം. അപകടങ്ങളുണ്ടാവുമ്പോള്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രഖ്യാപിക്കുന്ന ആശ്വാസധനം മതിയാക്കും. ഇത്തരം സംവിധാനങ്ങള്‍ നിര്‍മിക്കാനും അക്കാദമി സ്ഥാപിക്കാനും നടപടിവേണം.ഇന്ന് ലോകത്തെമ്പാടും വന്‍ ആഘോഷങ്ങളോടൊപ്പം വെടിക്കെട്ട് പതിവാണ്. വിദേശങ്ങളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളില്‍ വരെ വളരെ കുറ്റമറ്റതും ആസ്വാദകരവുമായ വെടിക്കെട്ടുകള്‍ നടത്താറുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഇവിടയെും ഒരുക്കിയില്ലെങ്കില്‍ അപകടങ്ങള്‍ ആവര്‍ത്തികുനെന്നാണ് ആരോപണം .
Next Story

RELATED STORIES

Share it