വെടിക്കെട്ടുപുരയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

മരട് (കൊച്ചി): മരടില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച വെടിക്കെട്ട്പുരയിലുണ്ടായ സ്‌ഫോടനത്തില്‍ സ്ത്രീ തൊഴിലാളി മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. സമീപത്തെ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
മരട് ടി കെ എസ് റോഡില്‍ തെരുവിപ്പാടത്ത് രാജന്റെ ഭാര്യ നളിനി (72) ആണ് മരിച്ചത്. മരട് മോസ്‌ക് റോഡില്‍ പാടത്തറ ദാമോദരന്റെ ഭാര്യ ജലജ (65)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരം ക്ഷേത്രത്തിലെ വെടിക്കെട്ടിനായി മരട് ജയന്തി തെക്കേ ചേരുവാരം ഓഫിസില്‍ തൊഴിലാളികള്‍ കരിമരുന്ന് തയ്യാറാക്കുന്നതിനിടെ ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. തൃപ്പൂണിത്തുറ, ഗാന്ധി നഗര്‍ എന്നിവിടങ്ങളില്‍നിന്ന് മൂന്നു യൂനിറ്റ് അഗ്നി ശമന സേന എത്തിയാണ് തീയണച്ചത്. കെട്ടിടത്തിനകത്ത്‌നിന്നു പുകച്ചുരുളുകളും ദുര്‍ഗന്ധവും ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് ഉളളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. സ്‌ഫോടനം നടക്കുമ്പോള്‍ രണ്ട് തൊഴിലാളികള്‍ മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്.
ഫെബ്രുവരി 21, 22, തിയ്യതികളിലായി മരട് കൊട്ടാരം ഭഗവതിക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന താലപ്പൊലി മഹോല്‍സവത്തിന്റെ ഭാഗമായുള്ള ഒരുക്കത്തിലായിരുന്നു. വെടിക്കെട്ടിനാവശ്യമായ കരിമരുന്ന് ഉരലില്‍ ഇടിച്ച് തയ്യാറാക്കുന്നതിനിടെയാണ് അപകടം.
വെടിക്കെട്ട് പുര പൂര്‍ണമായും തകര്‍ന്നു. ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗവും തകര്‍ന്നു. നളിനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക്മാറ്റി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു ശേഷം നെട്ടൂര്‍ ശാന്തിവനം ശ്മശാനത്തില്‍. മക്കള്‍: ബീന, ബിന്ദു, മിനി. മരുമക്കള്‍: പ്രസാദ്, സുരേഷ്, ഷാജി.
Next Story

RELATED STORIES

Share it