വെടിക്കെട്ടിന് ഉപയോഗിച്ചത് നിരോധിത രാസവസ്തുക്കള്‍

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടു നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് കേന്ദ്രസംഘത്തിന്റെ റിപോര്‍ട്ട്. വെടിക്കെട്ടു നടത്തുമ്പോള്‍ പാലിക്കേണ്ട ദൂരപരിധി പാലിച്ചില്ലെന്നും നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് വന്‍തോതില്‍ ഉപയോഗിച്ചെന്നും ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് സുദര്‍ശന്‍ കമല്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ട് ഇന്ന് കേന്ദ്രത്തിനു കൈമാറും.
വെടിക്കെട്ടു നടത്തുന്നതിന് 100 മീറ്റര്‍ ചുറ്റളവില്‍ കെട്ടിടങ്ങള്‍ പാടില്ലെന്നാണു വ്യവസ്ഥ. എന്നാല്‍, പുറ്റിങ്ങല്‍ ക്ഷേത്രപരിസരത്തിന് 60 മീറ്റര്‍ അടുത്തുവരെ കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു. വെടിക്കെട്ടു നടന്നതിന്റെ തൊട്ടു സമീപത്തായി 11 വീടുകള്‍ സ്ഥിതിചെയ്യുന്നതായി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു കണക്കിലെടുക്കാതെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചുമാണ് വെടിക്കെട്ടു നടത്തിയത്.
കോണ്‍ക്രീറ്റ് പാളികള്‍ പൊട്ടിത്തെറിച്ചുണ്ടായ പരിക്കു മൂലമാണ് ദുരന്തത്തില്‍ ഭൂരിപക്ഷം പേരും മരണപ്പെട്ടത്. അനധികൃതമായി പണിത കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. വെടിക്കെട്ടിന് ഉപയോഗിച്ച അമിട്ട് കുറ്റികള്‍ സ്ഥാപിച്ചതിലും വീഴ്ച കണ്ടെത്തി. വെടിമരുന്നുകള്‍ നിറയ്ക്കുന്ന ബാരലുകള്‍ മണ്ണി ല്‍ പകുതിയോളം താഴ്ത്തി സ്ഥാപിക്കണമെന്നും ഇരുമ്പുകമ്പിയില്‍ ബന്ധിപ്പിക്കണമെന്നുമുള്ള നിബന്ധനയും പാലിച്ചില്ല. ബാരലുകള്‍ ചരിഞ്ഞിരിക്കുന്ന നിലയിലാണു കണ്ടെത്തിയത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ ഇടയാക്കി.
ബാരലുകളില്‍ നിറച്ച വെടിമരുന്നുകള്‍ പൂര്‍ണമായി കത്തിത്തീര്‍ന്നതിനാല്‍ ഇതില്‍ ഉപയോഗിച്ച രാസവസ്തുക്കള്‍ ഏതൊക്കെയെന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.സാംപിളുകളുടെ വിശദപരിശോധന പൂര്‍ത്തിയായാ ല്‍ മാത്രമെ ഇത്തരം കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it