വെഞ്ഞാറമൂട് ശശി ആര്‍എസ്പി വിട്ടു

തിരുവനന്തപുരം: കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പേ—മെന്റ് സീറ്റ് വിവാദത്തില്‍ സിപിഐ വിട്ട വെഞ്ഞാറമൂട് ശശി ആര്‍എസ്പിയും വിട്ടു. നിലവില്‍ ആര്‍എസ്പിയുടെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു അദ്ദേഹം. സിപിഐയില്‍ നിന്ന് പുറത്താക്കിയതോടെ ആര്‍എസ്പിയില്‍ ചേര്‍ന്ന വെഞ്ഞാറമൂട് ശശി, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോടു പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ ആര്‍എസ്പിയില്‍ നിന്ന് രാജിവയ്ക്കുകയാണെന്നു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തേ ആര്‍എസ്പി വിട്ട കോവൂര്‍കുഞ്ഞുമോന്‍ രൂപീകരിച്ച ആര്‍എസ്പി-ലെനിനിസ്റ്റില്‍ ചേര്‍ന്ന് തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വെഞ്ഞാറമൂട് ശശിക്കൊപ്പം 11 നേതാക്കള്‍കൂടി ആര്‍എസ്പിയില്‍ നിന്നു രാജിവച്ചു. രാജിവച്ചവരുടെ കണ്‍വന്‍ഷനും ഇന്നലെ നടന്നു. ആര്‍എസ്പിയുടെ പ്രഖ്യാപിത നിലപാടില്‍ നിന്നും മാറി അവസരവാദ രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നത്. തൊഴില്‍വകുപ്പ് കൈയാളുന്ന ആര്‍എസ്പി പരമ്പാരഗത മേഖലയുടെ അന്തകരായി മാറിയിരിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.
മുമ്പ് സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറമൂട് ശശി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ടപ്പോഴാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് ആര്‍എസ്പിയില്‍ ചേരുകയായിരുന്നു.
Next Story

RELATED STORIES

Share it