kannur local

വൃത്തിഹീനമായ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ മേയറും സംഘവും ശുചീകരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഹോസ്റ്റലില്‍ ദുരിതജീവിതം നയിക്കുന്ന കായികതാരങ്ങള്‍ക്ക് പിന്തുണയുമായി കോര്‍പറേഷന്‍ മേയറും കൗണ്‍സിലര്‍മാരും. അടിസ്ഥാന സൗകര്യമില്ലാതെ, മാലിന്യങ്ങള്‍ നിറഞ്ഞ് രോഗാതുരമായ സാഹചര്യത്തില്‍ കഴിയുന്ന വിദ്യാര്‍ഥിനികള്‍ക്ക് പ്രചോദനവുമായാണ് മേയര്‍ ഇ പി ലതയും ജനപ്രതിനിധികളും ശുചീകരണത്തിന് എത്തിയത്.
ശുചീകരണത്തിനും പരിചരണത്തിനും മതിയായ ജീവനക്കാര്‍ ഇല്ലാത്തതില്‍ മാലിന്യം കുമിഞ്ഞുകുടിയ ഹോസ്റ്റല്‍ പരിസരം വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ ശുചീകരിച്ചു. കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികള്‍, രക്ഷിതാക്കള്‍, മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവരും പങ്കെടുത്തു. ശുചിത്വമില്ലായ്മ മൂലം കഴിഞ്ഞയാഴ്ച ഇരുപതിലധികം വിദ്യാര്‍ഥിനികള്‍ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രിയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് മേയറുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍ പ്രഖ്യാപിച്ചതും ഇന്നലെ രാവിലെ പ്രവൃത്തി നടപ്പാക്കിയതും.
രാവിലെ ഏഴിനാരംഭിച്ച ശുചീകരണം 11.30ഓടെയാണ് അവസാനിച്ചത്. വിദ്യാഭ്യാസ വകുപ്പ് വാഗ്ദാനം ചെയ്ത 50 ലക്ഷം രൂപ ഉടന്‍ ലഭ്യമാക്കുമെന്ന് മേയര്‍ ഇ പി ലത പറഞ്ഞു. തുക അടിയന്ത—രമായി ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പുനല്‍കിയിട്ടുണ്ട്.
ഇതു ലഭിച്ചാല്‍ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് താല്‍കാലിക പരിഹാരമാവുമെന്നും മേയര്‍ വ്യക്തമാക്കി.
കൗണ്‍സിലര്‍മാരായ എന്‍ ബാലകൃഷ്ണന്‍, ടി രവീന്ദ്രന്‍, എ പ്രമോദ്, അഡ്വ. ലിഷ ദീപക്, രതി, എം വി സഹദേവന്‍, വി ജ്യോതിലക്ഷ്മി, തൈക്കണ്ടി മുരളീധരന്‍, എസ് ഷഹീദ, വി ജി വിനീത, രഞ്ജിത്, എം പി അനില്‍ കുമാര്‍, പിടിഎ പ്രസിഡന്റ് പി എം സാജിദ്, വൈസ് പ്രസിഡന്റ് പി എം സുരേന്ദ്രന്‍— തുടങ്ങിവരും ശുചീകരണത്തില്‍ സജീവമായി പങ്കാളികളായി.
Next Story

RELATED STORIES

Share it