Kollam Local

വൃത്തിഹീനമായിട്ടുള്ള പഴക്കട പൂട്ടി; ആറു കടകള്‍ക്ക് നോട്ടീസ്

അഞ്ചാലുംമൂട്: തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച പഴക്കട ഒരു ദിവസത്തേക്ക് പൂട്ടി. ജൂസിനായി സൂക്ഷിച്ചിരുന്ന മുന്തിരി, ആപ്പിള്‍ ഉള്‍പ്പെടെയുള്ള പഴകിയ പഴങ്ങള്‍ നശിപ്പിക്കുകയും ആറു കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. അഞ്ചാലുംമൂട്ടിലും പരിസരത്തും കൊതുക് വളര്‍ത്തുന്നതിനുള്ള സാഹചര്യം ഉണ്ടാക്കിയതിനും വൃത്തിഹീനമായി പ്രവര്‍ത്തിച്ചതുമായ കടകള്‍ക്കാണു ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത്. മലിനപ്പെട്ട ഐസും ലഘുപാനീയങ്ങളും ഇതോടൊപ്പം നീക്കം ചെയ്തു. ഇവിടങ്ങളിലെ പൈപ്പ്, കിണര്‍ വെള്ളത്തിന്റെ ആറു സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി കൊല്ലത്തെ വാട്ടര്‍ അതോറിട്ടി ലാബിന് കൈമാറി.
മഞ്ഞപ്പിത്തം എ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, വെള്ളം പരിശോധിച്ച് കോളിഫോം ബാക്ടീരിയ ഇല്ലെന്ന് ഉറപ്പുവരുത്തുക, ജൂസും ഐസും നല്ല വെള്ളത്തില്‍ തയ്യാറാക്കുക, സിപ് അപ്പ് നല്ലതാണെന്ന് ഉറപ്പ് വരുത്തുക, കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം നല്‍കുക, പൊട്ടി പൊളിഞ്ഞ പാത്രങ്ങളും പൊറോട്ട ഷീറ്റും മാറ്റുക, മലിനപ്പെടാത്ത വിധം ആഹാരം പാകം ചെയ്യുക, പഴകിയ എണ്ണ ഉപയോഗിക്കാതിരിക്കുക, പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, ഹെല്‍ത്ത് കാര്‍ഡ് എടുക്കുക, തുടങ്ങിയവ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂനിയര്‍ എച്ച്‌ഐമാരായ എ രാജേഷ്, വി കെ അരുണ്‍, പ്രതിഭ, ശ്രീകുമാരി പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളില്‍ തുടരുമെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ.സീമ ശിവാനന്ദ് അറിയിച്ചു.
Next Story

RELATED STORIES

Share it