wayanad local

വീറും വാശിയുമേറി തിരഞ്ഞെടുപ്പങ്കം; ചുരമിറങ്ങാതെ നേതാക്കളുടെ പട

കല്‍പ്പറ്റ: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജില്ലയില്‍ നേതാക്കളുടെ സന്ദര്‍ശനം കൊണ്ട് പ്രചാരണരംഗം സജീവം. മന്ത്രിമാരും സംസ്ഥാന നേതാക്കളും മുതല്‍ കേന്ദ്രമന്ത്രിമാര്‍ വരെയാണ് ജില്ലയിലെത്തിക്കൊണ്ടിരിക്കുന്നത്.
ജില്ലയില്‍ മുന്നു മണ്ഡലങ്ങളിലും ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയതോടെയാണ് നേതാക്കളെയെത്തിച്ച് വിജയമുറപ്പിക്കാന്‍ മുന്നണികളും പാര്‍ട്ടികളും ശ്രമം നടത്തുന്നത്. ഇടത്-വലത് മുന്നണികളുടെ പ്രമുഖ നേതാക്കളെല്ലാം ജില്ലയില്‍ പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തുകഴിഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ എന്നിവരാണ് ഇതിനകം എത്തിയത്. എസ്ഡിപിഐയുടെയും സമാജാവാദി പാര്‍ട്ടിയുടെയും ദേശീയ-സംസ്ഥാന നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ ജില്ലയില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. എസ്ഡിപിഐ ദേശീയ സെക്രട്ടറി മൊയ്തീന്‍കുട്ടി ഫൈസി കഴിഞ്ഞ ദിവസം പര്യടന പരിപാടികളില്‍ പങ്കെടുത്തിരുന്നു. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു ജില്ലയിലെത്തും. ഉച്ചയ്ക്ക് രണ്ടിന് മുള്ളന്‍കൊല്ലിയിലെ വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി മൂന്നിന് പുല്‍പ്പള്ളി ടൗണിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും. 3.45ന് കേണിച്ചിറയിലും 4.15ന് പനമരത്തും അഞ്ചിന് മുട്ടിലിലും ആറിന് മേപ്പാടിയിലും 6.45ന് പടിഞ്ഞാറത്തറയിലും 7.15ന് കോറോത്തും തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മന്ത്രിയും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഖജാഞ്ചിയുമായ പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ നാളെയാണ് ജില്ലയിലെത്തുന്നത്. നാളെ വൈകീട്ട് നാലിന് സുല്‍ത്താന്‍ ബത്തേരി, അഞ്ചിന് മാനന്തവാടി, ആറിന് കമ്പളക്കാട് എന്നിവിടങ്ങളില്‍ നടക്കുന്ന പ്രചാരണ യോഗങ്ങളില്‍ കുഞ്ഞാലിക്കുട്ടിയും വൈകിട്ട് നാലിന് കാട്ടിക്കുളം, 5.30ന് മീനങ്ങാടി, 6.30ന് വടുവന്‍ചാല്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ വി എം സുധീരനും പങ്കെടുക്കും
കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി എട്ടിന് ജില്ലയിലെത്തും. രാവിലെ 11.30ന് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് ഗാന്ധി ജങ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ മന്ത്രി പങ്കെടുക്കും.
Next Story

RELATED STORIES

Share it