വീരേന്ദ്രകുമാറിന്റെ മൗനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി

കോഴിക്കോട്: നിര്‍ണായക ഘട്ടങ്ങളില്‍ നിരുത്തരവാദപരമായ മൗനം പാലിച്ച എം പി വീരേന്ദ്രകുമാര്‍ തന്റെ പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി ജനതാദള്‍ ലെഫ്റ്റ് ഭാരവാഹികള്‍ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ പൊതുജനത്തോട് ആത്മാര്‍ഥത കാണിച്ചില്ല. മല്‍സരിച്ച എല്ലാ സീറ്റിലും ജെഡിയു സ്ഥാനാര്‍ഥികള്‍ക്ക് വലിയ മാര്‍ജിനില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് അഴിമതിയുടെ ദുര്‍ഭരണത്തെ താങ്ങിനിര്‍ത്തിയതിനാലാണ്. ജെഡിയു പ്രവര്‍ത്തകരെ തങ്ങള്‍ ജെഡിഎല്ലിലേക്ക് സ്വാഗതം ചെയ്യുന്നു. ജെഡിഎസ് ലയനത്തിന് സന്നദ്ധമായാല്‍ പാര്‍ട്ടി അനുകൂല നിലപാട് സ്വീകരിക്കും.
വിഎസിനെ പിന്തള്ളി പിണറായിയെ മുഖ്യമന്ത്രിയാക്കിയത് സിപിഎമ്മിന്റെ പാര്‍ട്ടി തീരുമാനമാണെന്നിരിക്കെ അതില്‍ ഇടപെട്ട് ജനതാദള്‍ ലെഫ്റ്റിന് അഭിപ്രായപ്രകടനം നടത്തേണ്ട കാര്യമില്ലെന്നും വിഎസിനെ കാസ്‌ട്രോയോട് ഉപമിച്ച സീതാറാം യെച്ചൂരിയുടെ നടപടി അദ്ദേഹത്തോടുള്ള ആദരവാണ് പ്രകടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ജെഡിഎല്‍ സംസ്ഥാന പ്രസിഡന്റ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എടയത്ത് ശ്രീധരന്‍, വി കെ വസന്തകുമാര്‍, എ കെ വണ്ടൂര്‍, ഷണ്‍മുഖനുണ്ണി, എന്‍ സക്കറിയ പങ്കെടുത്തു.
Next Story

RELATED STORIES

Share it