wayanad local

വീരപഴശ്ശി സ്മൃതിയില്‍ മാവിലാംതോട്

പുല്‍പ്പള്ളി: വീരപഴശ്ശി സ്്മൃതിയില്‍ മാവിലാംതോട്. രണ്ടു നൂറ്റാണ്ട് മുമ്പ് വയനാടന്‍ മലനിരകളെ മറയാക്കി വടക്കന്‍ കോട്ടയം രാജവംശത്തിലെ ഇളംമുറക്കാരന്‍ കേരളവര്‍മ്മ പഴശ്ശിരാജയും വനവാസി പോരാളികളും നടത്തിയ ഐതിഹാസികമായ സായുധസമരം എരിഞ്ഞടങ്ങിയതു കന്നാരംപുഴയുടെ കൈവഴിയായ മാവിലാംതോടിന്റെ തീരത്തായിരുന്നു. ഒരു പതിറ്റാണ്ടിലേറെക്കാലം സൂര്യനസ്തമിക്കാത്ത ബ്രീട്ടീഷ് സാമ്രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ പോരാട്ടം കെട്ടടങ്ങിയതോടെയാണ് വയനാടിനു മുകളില്‍ ബ്രീട്ടീഷ് ആധിപത്യത്തിന് കളമൊരുങ്ങിയത്. 1805 നവംബര്‍ 30ന് മാവിലാംതോടിന്‍ കരയില്‍ ബ്രിട്ടീഷുകാരുമായുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് പഴശ്ശി വീരമൃത്യു വരിച്ചത്.
ഇതോടെയാണ് വിമോചന പോരാട്ട ചരിത്രത്തില്‍ ഇടംനേടിയ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാവിലാംതോടും മാറിയത്. കമ്പനിനദിയുടെ കൈവഴിയായ കന്നാരംപുഴയില്‍ എത്തിച്ചേരുന്ന കര്‍ണാടക വനത്തില്‍ നിന്നുള്ള നീരൊഴുക്കാണ് മാവിലാംതോട്. 1995ലാണ് ജില്ലാ പഞ്ചായത്ത് മുന്‍ കൈയെടുത്ത് ഇവിടെ പഴശ്ശി സ്മാരകവും പഴശ്ശി സ്മൃതിമണ്ഡപവും പിന്നീട് പഴശ്ശി പ്രതിമയുമെല്ലാം സ്ഥാപിച്ചത്.
ഒരു വര്‍ഷം മുമ്പ് പഴശ്ശിപ്രതിമയുടെ അനാച്ഛാദന വേളയില്‍ ടൂറിസംമന്ത്രിയും ജില്ലാ പഞ്ചായത്ത് നേതൃത്വവുമെല്ലാം മാവിലാംതോടിനെ ജില്ലയില്‍ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നു പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ഇതെല്ലാം വിസ്മരിക്കപ്പെടുകയാണുണ്ടായത്. സംസ്ഥാന സര്‍ക്കാരും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ഒരു കോടി 75 ലക്ഷത്തിന്റെ പഠന-ഗവേഷണ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഗ്രന്ഥശാല കെട്ടിടത്തിന്റെ നിര്‍മാണം മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇവിടെ വന്‍തുക ചെലവില്‍ നിര്‍മിച്ച പഴശ്ശിരാജയുടെ പ്രതിമയോടൊപ്പമുള്ള വാള്‍പോലും തുരുമ്പെടുക്കുന്ന നിലയിലാണ് ഇന്നുള്ളത്. ഈ പ്രതിമയ്ക്ക് മേല്‍ക്കൂര നിര്‍മിക്കാനോ മറ്റു തരത്തില്‍ സംരക്ഷിക്കാനോ ബരുക്കുന്നതിനോ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തതു ഖേദകരമാണെന്നു ചരിത്രസ്‌നേഹികള്‍ പറയുന്നു.
Next Story

RELATED STORIES

Share it