വീണ്ടും വിവാദ പ്രസംഗം; എം എം മണി ഉള്‍പ്പെടെ നാല് സിപിഎമ്മുകാര്‍ക്കെതിരേ കേസ്

ചെറുതോണി: വിവാദ പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി ഉള്‍പ്പെടെ നാലു നേതാക്കള്‍ക്കെതിരേ ഇടുക്കി പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം സിപിഎം ഇടുക്കി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് എം എം മണി നടത്തിയ പ്രസംഗമാണ് കേസിനാധാരം. എം എം മണിയെക്കൂടാതെ സിപിഎം നേതാക്കളായ സിവി വര്‍ഗീസ്, റോമിയോ സെബാസ്റ്റ്യന്‍, സജി തടത്തില്‍ എന്നിവരേയും കണ്ടാലറിയാവുന്ന 300 പാര്‍ട്ടി പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടുക്കി എസ്‌ഐ ഗോപിനാഥനെയും, പൈനാവ് പോളിടെക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പലിനെയും വ്യക്തിപരമായി അധിക്ഷേപിച്ചതിനാണ് കേസ്.
അതിനിടെ വനിതാ പ്രിന്‍സിപ്പലിനെതിരായ പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി എം എം മണി അറിയിച്ചു.
ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ നടന്ന പഠിപ്പു മുടക്ക് സമരത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പൈനാവ് മോഡല്‍ പോളിടെക്‌നിക്കില്‍ എത്തി. പഠിപ്പുമുടക്കാന്‍ വിയോജിച്ച അവിടുത്തെ വിദ്യാര്‍ഥികളെ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചു.
വിദ്യാര്‍ഥികളുടെയും വനിതാ പ്രിന്‍സിപ്പലിന്റേയും പരാതിയെ തുടര്‍ന്ന് എസ്എഫ്‌ഐക്കാരായ വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ മോചിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നേതാക്കളും ഇടുക്കി പോലിസുമായി സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് ഇടുക്കി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് മണി വിവാദ പ്രസംഗം നടത്തിയത്.
Next Story

RELATED STORIES

Share it