Sports

വീണ്ടും 'മാഡ്രിഡ്' ഫൈനല്‍

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തില്‍ വീണ്ടും മാഡ്രിഡ് ശക്തികളുടെ മാറ്റുരയ്ക്കല്‍. സ്പാനിഷ് ഗ്ലാമര്‍ ടീമുകളായ റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡുമാണ് യൂറോപ്പിലെ ചാംപ്യന്‍പട്ടത്തിനായി വീണ്ടും മുഖാമുഖം കൊമ്പുകോര്‍ക്കുന്നത്.
ചാംപ്യന്‍സ് ലീഗിന്റെ 2013-2014 സീസണിന്റെ തനിയാവര്‍ത്തനം കൂടിയാണ് റയല്‍-അത്‌ലറ്റികോ ഫൈനല്‍. അന്ന് കന്നി കിരീടം മോഹിച്ചെത്തിയ അത്‌ലറ്റികോയെ തകര്‍ത്ത് റയല്‍ ചാംപ്യന്‍സ് ലീഗില്‍ 10ാം തവണയും ചാംപ്യന്‍പട്ടത്തില്‍ മുത്തമിട്ടിരുന്നു. അധികസമയത്തേക്ക് നീണ്ട ആവേശപ്പോരില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റികോയ്‌ക്കെതിരേ റയലിന്റെ ജയം.
കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലില്‍ റയല്‍ എതിരില്ലാത്ത ഒരു ഗോളിന് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴ്‌പ്പെടുത്തുകായിരുന്നു. ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ സിറ്റിയെ വീഴ്ത്തിയത്. സെല്‍ഫ് ഗോളാണ് റയലിന് ജയവും ഫൈനല്‍ ടിക്കറ്റും സമ്മാനിച്ചത്.
നേരത്തെ മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ മറികടന്നായിരുന്നു അത്‌ലറ്റികോയുടെ ഫൈനല്‍ പ്രവേശനം. ഈ മാസം 28ന് മിലാനിലെ സാന്‍സിറോ സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിന്റെ കിരീടപ്പോരാട്ടം അരങ്ങേറുന്നത്.
ഒന്നാംപാദം ഗോള്‍രഹിതമായതിനാല്‍ രണ്ടാംപാദം റയലിനും സിറ്റിക്കും ഒരു പോലെ നിര്‍ണായകമായിരുന്നു. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍നാബുവാണ് രണ്ടാംപാദ സെമിക്ക് വേദിയായത്.
സ്വന്തം തട്ടകത്തില്‍ മികച്ച പ്രകടനം നടത്തിയ റയല്‍ 20ാം മിനിറ്റില്‍ ലഭിച്ച സെല്‍ഫ് ഗോളില്‍ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. റയല്‍ സൂപ്പര്‍ താരം ഗരെത് ബേലിന്റെ ഉജ്ജ്വല ഷോട്ട് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫെര്‍ണാണ്ടോയുടെ കാലില്‍ തട്ടി സിറ്റി ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിനെ കബളിപ്പിച്ച് പന്ത് സ്വന്തം ഗോള്‍ പോസ്റ്റില്‍ തന്നെ പതിക്കുകയായിരുന്നു.
പിന്നീട് സെര്‍ജിയോ റാമോസിലൂടെ രണ്ടാം തവണയും റയല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വല കുലുക്കി. എന്നാല്‍, പെപെ ഓഫ്‌സൈഡിലായതിനാല്‍ റാമോസിന്റെ ശ്രമം വിഫലമാവുകയായിരുന്നു. തൊട്ടുപിന്നാലെ ലൂക്കാ മോഡ്രിച്ചിലൂടെ റയല്‍ വീണ്ടും ഗോള്‍ നീക്കം നടത്തി.
എന്നാല്‍, മോഡ്രിച്ചിന്റെ ക്ലോസ് റേഞ്ച് ഷോട്ട് മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍കീപ്പര്‍ ഹാര്‍ട്ട് സേവ് ചെയ്യുകയായിരുന്നു. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്റിലേക്കുള്ള ഷോട്ടും ഹാര്‍ട്ട് വിഫലമാക്കി.
55 ശതമാനം പന്തടക്കം വച്ച റയല്‍ അഞ്ച് തവണ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്തത്. എന്നാല്‍, ഹാര്‍ട്ടിന്റെ സേവുകള്‍ സിറ്റിയുടെ പരാജയം ഒരു ഗോളില്‍ ഒതുക്കുകയായിരുന്നു.
45 ശതമാനം പന്തടക്കം വച്ച സിറ്റിക്കാവട്ടെ ഗോളിനായി ഒരു ഷോട്ട് മാത്രമാണ് റയലിന്റെ ഗോള്‍ മുഖത്തേക്ക് തൊടുക്കാനായത്.
Next Story

RELATED STORIES

Share it