വീണ്ടും തോല്‍വി; പാകിസ്താന്‍ പുറത്ത്

മൊഹാലി: മുന്‍ ചാംപ്യന്മാരായ പാകിസ്താന്‍ ട്വന്റി ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായി. സൂപ്പര്‍ 10ന്റെ ഗ്രൂപ്പ് 2ല്‍ ഇന്നലെ നടന്ന നിര്‍ണായക മല്‍സരത്തില്‍ ആസ്‌ത്രേലിയയോട് 21 റണ്‍സിനാണ് പാകിസ്താന്‍ തോല്‍വി സമ്മതിച്ചത്. ഇതോടെ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-ഓസീസ് പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായി മാറി. ഈ കളിയില്‍ ജയിക്കുന്നവരാണ് ന്യൂസിലന്‍ ഡിനൊപ്പം സെമിയിലേക്ക് യോഗ്യത നേടുക. ഇന്നലെ ടോസിനു ശേഷം ആസ്‌ത്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ കളി പുറത്തെടുത്ത സ്റ്റീവ ന്‍ സ്മിത്തിന്റെ (61*) മികവില്‍ ഓസീസ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 193 റണ്‍സ് പടുത്തുയര്‍ത്തി. ഷെയ്ന്‍ വാട്‌സന്‍ (44*), ഗ്ലെന്‍ മാക്‌സ്‌വെല്‍ (30) എന്നിവരും ഓസീസിനായി മികച്ച പ്രകടനം നടത്തി.മറുപടിയില്‍ ഒമ്പതിനടുത്ത് റണ്‍റേറ്റ് നിലനിര്‍ത്താന്‍ പാകിസ്താനായെങ്കിലും എട്ടു വിക്കറ്റിന് 172 റണ്‍സില്‍ പാക് പോരാട്ടം അവസാനിച്ചു.ഖാലിദ് ലത്തീഫ് (46), ശുഐബ് മാലിക് (40*), ഉമര്‍ അക്മല്‍ (32), ഷര്‍ജീല്‍ ഖാന്‍ (30) എന്നിവര്‍ പാക് നിരയില്‍ തിളങ്ങി. ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി ഏഴു പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി.നാലോവറില്‍ 27 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത ഓള്‍റൗണ്ടര്‍ ജെയിംസ് ഫോക്‌നറാണ് പാകിസ്താന്റെ വിജയസാധ്യതകള്‍ തല്ലിക്കെടുത്തിയത്. യുവ സ്പിന്നര്‍ ആദം സാംപയ്ക്ക് രണ്ടു വിക്കറ്റ് ലഭിച്ചു. ഫോക്‌നറാണ് കളിയിലെ കേമന്‍.നേരത്തേ 43 പന്തില്‍ ഏഴു ബൗണ്ടറികളോടെയാണ് സ്മിത്ത് ഓസീസിന്റെ ടോപ്‌സ്‌കോററായത്. ഈ ലോകകപ്പിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച വാട്‌സന്‍ 21 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും പറത്തി. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ സ്മിത്ത്-വാട്‌സന്‍ സഖ്യം ചേര്‍ന്നെടുത്ത 74 റണ്‍സാണ് ഓസീസിനെ 200ന് അടുത്തെത്തിച്ചത്. നാലാം വിക്കറ്റി ല്‍ മാക്‌സ്‌വെല്ലിനൊപ്പം 62 റണ്‍സിന്റെ കൂട്ടുകെട്ടിലും ഓസീസ് നായകന്‍ പങ്കാളിയായി.
Next Story

RELATED STORIES

Share it