wayanad local

വീണ്ടും ചിക്കുന്‍ഗുനിയ: രോഗം സ്ഥിരീകരിച്ചത് 13കാരന്

മാനന്തവാടി: ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ചിക്കുന്‍ഗുനിയ റിപോര്‍ട്ട് ചെയ്തു. മാനന്തവാടി താലൂക്കിലെ എടവക പഞ്ചായത്തില്‍ 13കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച ബാലനെ ഒന്നാം തിയ്യതിയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് രക്തസാംപിളുകള്‍ മണിപ്പാലിലുള്ള വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പരിശോധനാ ഫലം വന്നപ്പോഴാണ് കുട്ടിക്ക് ചിക്കുന്‍ഗുനിയ ബാധിച്ചിട്ടുള്ളതായി സ്ഥിരീകരിച്ചത്. ഒരാഴ്ചക്കാലം ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം വീട്ടിലേക്ക് മാറ്റി.
എടവക സ്വദേശിയായ കുട്ടി വീട്ടുകാരോടൊപ്പം കര്‍ണാടക എച്ച്ഡി ക്വാട്ടയിലെ രോഗബാധിതനായ ബന്ധുവിനെ കാണാന്‍ പോയിരുന്നു. രണ്ടാഴ്ചക്കാലം എച്ച്ഡി ക്വാട്ടയില്‍ താമസിച്ചു. ഇവിടെ നിന്നാവാം രോഗം പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. 2011ല്‍ സംസ്ഥാനത്താകമാനം ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ച സമയത്താണ് വയനാട്ടിലും ആദ്യമായി മീനങ്ങാടി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. പിന്നീട് നിരവധി പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു. അതേസമയം, കുട്ടിയുടെ പിതാവിന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്കായി മണിപ്പാലിലെ വൈറോളജി ലാബിലേക്ക് അയച്ചു. എടവക പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it