വീണ്ടും കിരീടനഷ്ടം; മെസ്സി കളമൊഴിഞ്ഞു

ഈസ്റ്റ റൂഥര്‍ഫോര്‍ഡ്: ഫുട്‌ബോള്‍ ലോകത്തെ സ്തബ്ധരാക്കി അര്‍ജന്റീന ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി അന്താരാഷ്ട്ര മല്‍സരങ്ങളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ ഫൈനലില്‍ ചിലിയോട് തുടര്‍ച്ചയായി രണ്ടാംതവണയും പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിനു പിറകെയാണ് വിരമിക്കല്‍ പ്രഖ്യാപനം.
രാജ്യത്തിന്റെ തോല്‍വിയുടെ പാപഭാരം ഏറ്റുവാങ്ങിയാണു പുതുതലമുറയുടെ ഈ ഇതിഹാസതാരം ബൂട്ടഴിക്കുന്നത്. ഇന്നലെ ചിലിയുമായി നടന്ന ഫെനലില്‍ ഷൂട്ടൗട്ടിലെ ആദ്യ പെനല്‍റ്റി മെസ്സി പാഴാക്കിയിരുന്നു. അതേസമയം, തന്റെ ക്ലബ്ബായ ബാഴ്‌സലോണയില്‍ തുടര്‍ന്നും കളിക്കാനാണ് താരത്തിന്റെ തീരുമാനം. അഞ്ചുതവണ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടി റെക്കോഡിട്ട മെസ്സിക്ക് പക്ഷേ ദേശീയ ടീമിനൊപ്പം ഒരു കിരീടംപോലും നേടാനായില്ല.നാലാംതവണയാണ് അന്താരാഷ്ട്ര ടൂര്‍ണമെന്റ് ഫൈനലില്‍ മെസ്സിയുള്‍പ്പെടുന്ന അര്‍ജന്റീന ദേശീയ ടീം പരാജയപ്പെടുന്നത്. 2007 കോപയില്‍ ബ്രസീലിനോട് 3-0ന് തോറ്റ ടീം 2014 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോടും 2015 കോപ ഫൈനലിലും ഇപ്പോള്‍ കോപ ശതാബ്ദി എഡിഷനില്‍ ചിലിയോടും കപ്പിനും ചുണ്ടിനുമിടയില്‍ പരാജയം രുചിച്ചിരുന്നു.
ഈ ടൂര്‍ണമെന്റില്‍ രാജ്യത്തിനായി കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് മെസ്സി സ്വന്തം പേരിലാക്കി. അര്‍ജന്റീന മുന്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിമര്‍ശനം ഏറ്റുവാങ്ങിയായിരുന്നു മെസ്സി കോപ തേടിയിറങ്ങിയത്. ഇതിനെ മറികടക്കുംവിധമുള്ള പ്രകടനമായിരുന്നു ടൂര്‍ണമെന്റിലുടനീളം നായകത്ത്വത്തില്‍ ടീം കാഴ്ചവച്ചതും. അവസാനം ദുരന്തനായകനായി മടങ്ങുമ്പോള്‍ തന്റെ വിരമിക്കല്‍ അതാഗ്രഹിച്ചവര്‍ക്കുകൂടി സമര്‍പ്പിക്കുന്നതായി മെസ്സി പറഞ്ഞു.
Next Story

RELATED STORIES

Share it